കോണ്‍ഗ്രസ്-ആര്‍.എസ്.എസ് രഹസ്യകരാറിന് ചുക്കാന്‍ പിടിക്കുന്നത് ചില വ്യവസായികള്‍ -പിണറായി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആര്‍.എസ്.എസുമായി രഹസ്യ കരാറുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് ചുക്കാന്‍ പിടിക്കുന്നത് ചില വ്യവസായികളാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍.എസ്.എസ് സംസ്ഥാനത്താകെ  കോണ്‍ഗ്രസിനെ സഹായിക്കുമെന്നും ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് തിരിച്ച് സഹായിക്കുമെന്നുമാണ് പാക്കേജ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആക്ഷേപിച്ച വ്യവസായ പ്രമുഖന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചുവപ്പുപരവതാനി വിരിച്ചത് ഇതിന്‍െറ ഭാഗമായാണ്.
 കെ.എസ്.ആര്‍.ടി എംപ്ളോയീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടില്ളെന്ന തിരിച്ചറിവ് യു.ഡി.എഫിനുണ്ട്. ചങ്ങാത്തത്തിന് കിട്ടാന്‍ ആരെങ്കിലുമുണ്ടോയെന്ന ആലോചനയിലാണ് അവര്‍. പല തന്ത്രങ്ങള്‍ പയറ്റിയിട്ടും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്തവര്‍ സാമുദായിക സംഘടനകളുമായി ഒത്തുപോകാമെന്ന കണക്കുകൂട്ടലിലാണ്. എസ്.എന്‍.ഡി.പിയോഗത്തെയും കെ.പി.എം.എസിനെയുമൊക്കെയാണ്  ഒപ്പംകൂട്ടാന്‍ ശ്രമിക്കുന്നത്. എസ്.എന്‍.ഡി.പി യോഗ നേതൃത്വം ചില നിലപാട് എടുത്തതിന്‍െറ ഭാഗമായാണ് അങ്ങനെയൊരു വിചാരം വന്നത്. പണത്തിന്‍െറ രുചിയുടെ പേരില്‍ തങ്ങള്‍ക്ക് പിന്നിലുള്ളവരെ സമുദായ നേതൃത്വങ്ങള്‍ മറന്നാല്‍ അണികള്‍ അംഗീകരിക്കില്ളെന്ന് ഓര്‍ക്കണം.
ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ ഉള്‍പ്പെടാത്ത വിഭാഗമാണ് പട്ടികജാതിക്കാര്‍. ചാതുര്‍വര്‍ണ്യത്തിന്‍െറ വക്താക്കളാണ് ആര്‍.എസ്.എസ്. അതേ ആര്‍.എസ്.എസിന്‍െറ നയങ്ങളാണ് കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്നത്. വി.പി.സിങ്് സര്‍ക്കാര്‍ സംവരണം നടപ്പാക്കിയപ്പോള്‍ സംവരണവിരുദ്ധ കലാപം നയിച്ചവരാണ് ആര്‍.എസ്.എസ്. സംവരണാനുകൂല്യം കിട്ടുന്ന പട്ടികജാതിവിഭാഗത്തിന് എങ്ങനെ ആര്‍.എസ്.എസുമായി യോജിക്കാന്‍ കഴിയും. കേരളത്തില്‍ സംവരണം നടപ്പാക്കിയത് ഇ.എം.എസ് മന്ത്രിസഭയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.