ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ വേതനം വര്‍ധിപ്പിക്കാം -തോട്ടമുടമകള്‍

കൊച്ചി: വേതനത്തിന് പുറമേ നല്‍കുന്ന മറ്റ് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്താലേ വേതന വര്‍ധന പരിഗണിക്കാനാവൂ എന്ന് തോട്ടമുടമകള്‍. ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന തോട്ടമുടമകളുടെ സംഘടനാ വാര്‍ഷിക യോഗത്തിലും ഈ നിലക്കാണ് ചര്‍ച്ച നടന്നത്.
വേതന വര്‍ധന സംബന്ധിച്ച് ഈമാസം 26ന് ചര്‍ച്ച നടക്കാനിരിക്കെയാണ് പുതിയ നീക്കം. ഒപ്പം, തോട്ടം മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന കൂലി തങ്ങള്‍ നല്‍കുന്നുണ്ടെന്ന വാദമുയര്‍ത്തി സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാനും നീക്കമുണ്ട്.

500 രൂപ ദിവസക്കൂലി നല്‍കിയാല്‍ തോട്ടങ്ങള്‍ പൂട്ടിപ്പോകുമെന്ന തൊഴില്‍ മന്ത്രിയുടെ നിലപാടും ഒരുപരിധിക്കപ്പുറം വേതനം നല്‍കിയാല്‍ തോട്ടം മേഖല മുന്നോട്ടുപോകില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശനിയാഴ്ച കൊച്ചിയില്‍ തോട്ടമുടമകളുടെ യോഗത്തില്‍ നടത്തിയ പ്രസ്താവനയും കൂട്ടിവായിക്കുമ്പോള്‍, തൊഴിലാളികള്‍ക്ക് കാര്യമായ പ്രതീക്ഷ വേണ്ടെന്ന് വ്യക്തമാണ്.

തോട്ടം തൊഴിലാളികള്‍ക്ക് നിലവില്‍ 232 രൂപയാണ് ദിവസക്കൂലിയെങ്കിലും മറ്റ് ആനുകൂല്യങ്ങള്‍ കൂടി കൂട്ടുമ്പോള്‍ അത് 410 രൂപയാവുമെന്നാണ് തോട്ടം ഉടമകളുടെ സംഘടനയായ ദി യുനൈറ്റഡ് പ്ളാന്‍േറഴ്സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ (ഉപാസി) വാദിക്കുന്നത്. മാത്രമല്ല, തൊഴിലുറപ്പ് പദ്ധതി പ്രകാരം സര്‍ക്കാര്‍ തോട്ടം മേഖലയില്‍ നല്‍കുന്ന കൂലി 229 രൂപ മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇനിയും കൂലി കൂട്ടണമെങ്കില്‍ തൊഴിലാളികളുടെ പാര്‍പ്പിടം, ചികിത്സ, മക്കളുടെ വിദ്യാഭ്യാസം എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് തോട്ടമുടമകളുടെ വാദം.  

അതേസമയം, പ്രതിദിനം 500 രൂപ കൂലി വേണം എന്നതില്‍നിന്ന് പിന്നോട്ടില്ളെന്നാണ് തൊഴിലാളികളുടെയും നിലപാട്. ഈ സാഹചര്യത്തില്‍ 26ാം തീയതി തൊഴില്‍ മന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നുമുണ്ടാകാന്‍ സാധ്യതയില്ല. തോട്ടം മേഖല വീണ്ടും കടുത്ത പ്രതിഷേധത്തിനും സമരങ്ങള്‍ക്കും വേദിയാവുക എന്നതാകും ഇതിന്‍െറ ഫലം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.