രാഷ്ട്രീയ കൊലപാതകങ്ങള്‍: ജില്ലാ പൊലീസ് മേധാവിമാര്‍ ജാഗ്രത പുലര്‍ത്തണം -ചെന്നിത്തല

തിരുവനന്തപുരം: രാഷ്ട്രീയകൊലപാതകങ്ങളും അക്രമസംഭവങ്ങളും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മറ്റുസംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന ജില്ലകളില്‍ സുരക്ഷ ശക്തമാക്കണമെന്നും സര്‍ക്കാറിന് ദോഷകരമായ നടപടികള്‍ സേനയുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും സംയുക്ത യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍മാരുടെയും ജില്ലയുടെ ക്രമസമാധാനചുമതലക്കാരായ പൊലീസ് മേധാവിമാരുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് യോഗം ചേര്‍ന്നത്.
പൊലീസിന്‍െറ പ്രവര്‍ത്തനത്തില്‍ തൃപ്തി പ്രകടിപ്പിച്ച മന്ത്രി ഇന്‍റലിജന്‍സ് സംവിധാനം കാര്യക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കി. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായ സാഹചര്യത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് ഇന്‍റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍ അറിയിച്ചു.
ആഭ്യന്തര സെക്രട്ടറി നളിനിനെറ്റോ അധ്യക്ഷതവഹിച്ചു. സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍, ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി, ദക്ഷിണ മേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.