ന്യൂഡല്‍ഹി: പട്ടികളെ കൊന്നൊടുക്കാനല്ല വന്ധ്യംകരണംചെയ്ത് പ്രശ്നം നിയന്ത്രണവിധേയമാക്കാനാണ് സംസ്ഥാന സര്‍ക്കാറിന് താല്‍പര്യമെന്ന് സാമൂഹികക്ഷേമ മന്ത്രി ഡോ.എം.കെ. മുനീര്‍ വ്യക്തമാക്കി. പട്ടികള്‍ തെരുവില്‍ പെരുകാനുള്ള സാഹചര്യം കുറക്കുകയും പേ പിടിച്ചവയെ നിയമവിധേയമായി ഇല്ലാതാക്കുകയുമാണ് വേണ്ടതെന്നും മന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനുള്ള ഉത്തരവും ഫണ്ടും പഞ്ചായത്തുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. തെരുവുനായ്ക്കളെ വന്ധ്യംകരണംചെയ്ത് അവയെ കണ്ടെടുത്ത സ്ഥലത്തു കൊണ്ടുവിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി 250 രൂപവീതം നല്‍കും. ഉത്തരവ് പാലിക്കാത്ത പഞ്ചായത്തുകളുടെ ധനസഹായം പിന്‍വലിക്കുമെന്നും മന്ത്രി മുന്നറിയിപ്പുനല്‍കി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) തയാറാക്കിയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഈ പ്രവൃത്തി കൃത്യമായി മോണിറ്റര്‍ ചെയ്യുന്നുണ്ട്. തെരുവില്‍ അലയുന്ന മൃഗങ്ങളെല്ലാം അവിടത്തെന്നെ പെറ്റുപെരുകിയവയല്ല. വീടുകളില്‍ പോറ്റിവളര്‍ത്തിപ്പോന്നവയെ പിന്നീട് തെരുവില്‍ ഉപേക്ഷിക്കുന്നതാണ് വിഷയം രൂക്ഷമാക്കുന്നത്.
ഇത് തടയാന്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കും. ഓമനിച്ചുവളര്‍ത്തുന്ന മൃഗങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ ഓടയില്‍തള്ളുന്ന പതിവും അവസാനിപ്പിക്കണം. വളര്‍ത്തുമൃഗങ്ങളെയും തെരുവുമൃഗങ്ങളെയും മാന്യമായരീതിയില്‍ സംസ്കരിക്കുന്നതിന് പഞ്ചായത്തുകളില്‍ ശ്മശാനങ്ങളൊരുക്കി ഈ പ്രശ്നം പരിഹരിക്കാനാവും.
പരാതി പറയാനത്തെിയ മന്ത്രി മുനീറിനു മുന്നില്‍ പട്ടിപ്പട
ന്യൂഡല്‍ഹി: കുഞ്ഞുങ്ങളും വയോധികരുമുള്‍പ്പെടെ നിരവധിപേര്‍ ദിവസേന പട്ടിക്കടിയേറ്റ് ഗുരുതരാവസ്ഥയിലാവുന്ന അവസ്ഥ വനിതാ ശിശുക്ഷേമ മന്ത്രിയും മൃഗാവകാശ സംരക്ഷകയുമായ മേനക ഗാന്ധിയെ ബോധിപ്പിക്കാന്‍ ഡല്‍ഹിയിലത്തെിയ മന്ത്രി ഡോ. എം.കെ. മുനീറിനെ കേന്ദ്രമന്ത്രിയുടെ വസതിയില്‍ എതിരേറ്റത് പട്ടിപ്പട.
വാഹനത്തിനുചുറ്റും വലുതും ചെറുതുമായ പട്ടികള്‍ വട്ടംകൂടി. നാട്ടില്‍വെച്ച് പട്ടികടിയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതും ഉറ്റസുഹൃത്തിന് തുടരത്തുടരെ രണ്ടുതവണ കടിയേറ്റതും ഓര്‍മയില്‍വന്നതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായി മുനീര്‍. സംസ്ഥാനത്തെ ഗുരുതരാവസ്ഥ വിശദീകരിച്ച മുനീറിനു മുന്നില്‍ കേരളീയര്‍ പട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന എതിര്‍ പരാതിയാണ് മേനക ബോധിപ്പിച്ചത്. രണ്ടരലക്ഷം പട്ടികള്‍ കേരളത്തിലുണ്ടെന്നും പഞ്ചായത്തുകള്‍ ഇവയെ കൊന്നൊടുക്കുകയാണെന്നും മേനക
പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.