പത്താം ക്ളാസ് സാമൂഹികശാസ്ത്രം രണ്ട് വിഷയമാക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: പത്താം ക്ളാസിലെ സാമൂഹികശാസ്ത്രം രണ്ട് വിഷയമാക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ കരിക്കുലം കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.  ശിപാര്‍ശ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. നിലവില്‍ അഞ്ച് വിഷയങ്ങള്‍ അടങ്ങിയതാണ് സോഷ്യല്‍ സയന്‍സ് പാഠ്യഭാഗം.
ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങള്‍ ഒന്നിപ്പിച്ചുള്ള സാമൂഹികശാസ്ത്രത്തില്‍ വിദ്യാര്‍ഥികള്‍ പൊതുവെ പിറകോട്ടുപോകുന്നുവെന്ന് എസ്.എസ്.എല്‍.സി പരീക്ഷാഫലത്തില്‍ ഉള്‍പ്പെടെ ബോധ്യമായി. തുടര്‍ന്നാണ് സാമൂഹികശാസ്ത്രപഠനം ലളിതമാക്കുന്നവിധം വിഷയങ്ങള്‍ വിഭജിക്കാനുള്ള ശിപാര്‍ശ. രണ്ട് വാല്യങ്ങളിലായി 20 അധ്യായങ്ങളാണ് നിലവില്‍ സാമൂഹികശാസ്ത്രത്തില്‍ പഠിക്കാനുള്ളത്. ഇത് വിദ്യാര്‍ഥികള്‍ക്ക് ഭാരമാകുന്നുവെന്ന വിലയിരുത്തലാണ് അക്കാദമിക് രംഗത്തുള്ളത്. ഈ സാഹചര്യത്തിലാണ് രണ്ട് വിഷയങ്ങളാക്കി മാറ്റാനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചത്.
പാഠ്യപദ്ധതിയുടെ ഭാഗമായ ബാലാവകാശവും അതുസംബന്ധിച്ച നിയമങ്ങളും അധ്യാപകരെ പ്രതിരോധത്തിലാക്കുന്നുവെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നിസ്സാര പ്രശ്നങ്ങള്‍ക്കുപോലും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പഠിക്കാനുള്ളത് നിയമത്തെക്കുറിച്ചായതിനാല്‍ മാറ്റാനാകില്ളെന്ന് യോഗം വ്യക്തമാക്കി.
നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷക്കൊപ്പം  വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന നിബന്ധന എടുത്തുകളയാനും  യോഗം ശിപാര്‍ശ ചെയ്തു. പകരം സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്നവര്‍ മാത്രം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയെന്നും  യോഗം നിര്‍ദേശിച്ചു. അടുത്ത അധ്യയനവര്‍ഷം പാഠ്യപദ്ധതി പരിഷ്കരിച്ച് പുറത്തിറക്കുന്ന ഒമ്പത്, പത്ത് ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ സെപ്റ്റംബര്‍ 30ന് ചേരുന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഇതിന് മുമ്പ് സബ്കമ്മിറ്റികളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കും. പത്താം ക്ളാസിലെ പാഠപുസ്തകം മാര്‍ച്ച് 31നകം സ്കൂളുകളില്‍ എത്തിക്കുന്ന രൂപത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. പാഠപുസ്തകരചന ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. സബ്കമ്മിറ്റികളുടെ സൂക്ഷ്മപരിശോധനയാണ് അവശേഷിക്കുന്നത്.
കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരത്തിനുശേഷം പാഠപുസ്തകങ്ങള്‍ അച്ചടിക്കായി കെ.ബി.പി.എസിന് കൈമാറും. പ്രീ പ്രൈമറി വിഭാഗത്തിലേക്കുള്ള വര്‍ക്ബുക്കുകള്‍ ഒരേസമയം എസ്.സി.ഇ.ആര്‍.ടിയും സാമൂഹികനീതി വകുപ്പും തയാറാക്കുന്നത് യോഗത്തില്‍ ചര്‍ച്ചയായി. ഇതിലെ ആശയക്കുഴപ്പം നീക്കാന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.