ന്യൂനപക്ഷ കോളജുകളോട് മുഖ്യമന്ത്രി സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് -എം.ഇ.എസ്

കോഴിക്കോട്: മെഡിക്കല്‍ പ്രവേശത്തില്‍ ന്യൂനപക്ഷപദവിയുള്ള ക്രിസ്ത്യന്‍, മുസ്ലിം സ്വാശ്രയ മെഡിക്കല്‍ കോളജുകളോട് ഇരട്ടത്താപ്പ് നയമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിക്കുന്നതെന്ന് എം.ഇ.എസ്. ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളുടെ കോളജുകളിലെ മുഴുവന്‍സീറ്റിലും വന്‍ തുക നിരക്കില്‍ ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയതിലൂടെ ഇത് വ്യക്തമായെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ന്യൂനപക്ഷപദവിയുള്ള എം.ഇ.എസ് മെഡിക്കല്‍ കോളജ് സര്‍ക്കാറിന് സീറ്റ് വിട്ടുകൊടുക്കുന്നില്ളെന്നും ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ നല്‍കിയെന്നുമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന ചര്‍ച്ച. ന്യൂനപക്ഷ കമീഷനും കോണ്‍ഗ്രസ് മുഖപത്രവുമെല്ലാം എം.ഇ.എസിനെ വിമര്‍ശിക്കുന്നു. എന്നാല്‍, യാഥാര്‍ഥ്യം മറച്ചുവെച്ചാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
13 വര്‍ഷമായി 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് നിരക്കിലാണ് എം.ഇ.എസ് മെഡിക്കല്‍പ്രവേശം നടത്തിയത്. 25,000 മുതല്‍ ലക്ഷംവരെ ഫീസ് നിശ്ചയിച്ചാണ് സര്‍ക്കാറുമായി ധാരണയുണ്ടാക്കിയത്. എന്നാല്‍, ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ക്ക് 4.85 ലക്ഷം ഫീസില്‍ മുഴുവന്‍സീറ്റിലും പ്രവേശം നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കി. ജെയിംസ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഇതിനു പുറമെ ഈടാക്കാനും അനുവദിച്ചു. മുഖ്യമന്ത്രിതന്നെ ഇത്തരമൊരു നിലപാടിന് കൂട്ടുനിന്നതോടെയാണ് 2014-15 വര്‍ഷത്തില്‍ സര്‍ക്കാറുമായി ധാരണയുണ്ടാക്കുന്നതില്‍നിന്ന് എം.ഇ.എസ് പിന്മാറിയത്. സാമൂഹികനീതി നടപ്പാക്കുകയെന്നത് എം.ഇ.എസിന്‍െറ മാത്രം ബാധ്യതയല്ല. മൂന്നുവര്‍ഷത്തേക്കാണ് ക്രിസ്ത്യന്‍ മാനേജ്മെന്‍റുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത്. ഈ കരാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ കത്ത് നല്‍കിയിട്ട് മറുപടിപോലും നല്‍കിയില്ല.
ഇതൊന്നും കണ്ടില്ളെന്ന് നടിക്കാനാണ് കോണ്‍ഗ്രസ് മുഖപത്രം ശ്രമിച്ചത്. എല്ലാ കോളജുകളോടും ഒരേ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ എം.ഇ.എസ് സര്‍ക്കാറുമായി ധാരണക്ക് തയാറാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ, മറ്റു ഭാരവാഹികളായ വി. മൊയ്തുട്ടി, എ. മുഹമ്മദ്, ഡോ. എന്‍.എം. മുജീബ് റഹ്മാന്‍, സി.ടി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എം.ഇ.എസ് മെഡിക്കല്‍ കോളജ് പ്രവേശം നടപടി റദ്ദാക്കരുതെന്ന് വിദ്യാര്‍ഥികള്‍
കൊച്ചി: പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ പ്രവേശ നടപടി സുതാര്യമായാണ് നടന്നതെന്നും റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് ചില വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചു.
  പ്രവേശത്തിനെതിരെ ജസ്റ്റിസ് ജെയിംസ് അധ്യക്ഷനായ പ്രവേശ മേല്‍നോട്ട സമിതി ശക്തമായ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ കക്ഷിചേരല്‍ ഹരജിയുമായത്തെിയത്.
അതേസമയം, ഹരജികളിലെ വാദം വെള്ളിയാഴ്ചയും പൂര്‍ത്തിയായില്ല.യോഗ്യതാ പരീക്ഷയുടെയും പ്രവേശ പരീക്ഷയുടെയും മാര്‍ക്ക് കൂട്ടിയാണ്  മാനേജ്മെന്‍റ് പ്രവേശം നടത്തിയതെന്നും ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചതായും വിദ്യാര്‍ഥികള്‍ ഹരജിയില്‍ പറയുന്നു.
രണ്ട് ഘട്ട പ്രവേശ നടപടി പൂര്‍ത്തിയായ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഇനി മറ്റിടങ്ങളില്‍ പ്രവേശം ലഭിക്കില്ല.
അതിനാല്‍, പ്രവേശ കമ്മിറ്റിയുടെ വാദം മാത്രം കേട്ട് പ്രവേശം റദ്ദാക്കരുതെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.