ഗ്രാമീണ റോഡ്: കേരളത്തിന് അധികവിഹിതം തേടി

ന്യൂഡല്‍ഹി: ഗ്രാമീണ റോഡ് വികസന പദ്ധതിപ്രകാരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം പുതുക്കിനിശ്ചയിച്ചപ്പോള്‍ കേരളത്തോട് അവഗണന കാട്ടിയെന്ന് കുറ്റപ്പെടുത്തി കെ.സി. വേണുഗോപാല്‍ എം.പി വകുപ്പുമന്ത്രി വീരേന്ദ്ര സിങ്ങിന് കത്തയച്ചു.
1000 കോടി രൂപയുടെ അധികസഹായം ലഭ്യമായതിനെ തുടര്‍ന്ന് പുനര്‍നിശ്ചയിച്ച പദ്ധതിപ്രകാരം കേരളത്തിന് അധികമായി കിട്ടിയത് അഞ്ചു കോടി രൂപ മാത്രമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. ഈ സാമ്പത്തിക വാര്‍ഷാരംഭത്തില്‍ ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് പദ്ധതിവിഹിതം നിശ്ചയിച്ചപ്പോള്‍ ആകെയുള്ള 21,567 കോടി രൂപയില്‍ കേരളത്തിന് അനുവദിച്ചത് 51 കോടി മാത്രമായിരുന്നു. പി.എം.ജി.എസ്.വൈ പദ്ധതി കാര്യക്ഷമമാക്കാന്‍ തുക കൂടുതല്‍ നിശ്ചയിച്ചപ്പോഴും കേരളത്തോട് അവഗണന തുടര്‍ന്നു.
കരാറുകാര്‍ക്ക് പണം നല്‍കാനില്ലാതെ സംസ്ഥാനത്ത് പല പദ്ധതികളും അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍, തുച്ഛമായ വിഹിതം അപര്യാപ്
തമാണ്.
120 കോടി രൂപയാണ് പണിതീര്‍ത്ത ഇനത്തില്‍ കരാറുകാര്‍ക്ക് കൊടുക്കാനുള്ളത്. പണം കിട്ടാത്തതുമൂലം ജോലികള്‍ നിര്‍ത്തിവെക്കുമെന്ന് കരാറുകാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകാന്‍തന്നെ മൂന്നുനാല് വര്‍ഷമെടുക്കും. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് 250 കോടി രൂപ അനുവദിക്കണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.