തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനത്തിന് യു.ജി.സി മാര്‍ഗരേഖ പ്രകാരമുള്ള യോഗ്യത നിര്‍ബന്ധമാക്കി വിജ്ഞാപനം. കഴിഞ്ഞ 15ന് ചേര്‍ന്ന സെര്‍ച് കമ്മിറ്റി യോഗത്തിലെ ധാരണ പ്രകാരമാണിത്. യു.ജി.സി യോഗ്യതയും സര്‍വകലാശാലാചട്ടം നിഷ്കര്‍ഷിക്കുന്ന യോഗ്യതയും വിജ്ഞാപനത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന വ്യക്തിക്ക് സര്‍വകലാശാലാതലത്തില്‍ 10 വര്‍ഷത്തില്‍ കുറയാതെ പ്രഫസര്‍ തസ്തികയില്‍ ജോലി ചെയ്ത പരിചയമോ അല്ളെങ്കില്‍ തത്തുല്യമായ വിധം ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ 10 വര്‍ഷത്തില്‍ കുറയാത്ത അക്കാദമിക/ ഭരണ പരിചയമോ ഉണ്ടാവണം. ഇതിനു പുറമെ സര്‍വകലാശാല ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്ന രൂപത്തില്‍ മികച്ച അക്കാദമീഷ്യനും ഭരണപരിചയവുമുള്ളയാളുമായിരിക്കണം.
വി.സി സ്ഥാനത്തേക്ക് യു.ജി.സി മാര്‍ഗരേഖയിലെ യോഗ്യത നിര്‍ബന്ധമാക്കണമോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ ധാരണയുണ്ടാക്കിയിരുന്നില്ല. എന്നാല്‍ സെര്‍ച് കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാത്തില്‍ തയാറാക്കിയ വിജ്ഞാപനം ഫലത്തില്‍ യു.ജി.സി യോഗ്യത നിര്‍ബന്ധമാക്കുന്നതായി മാറി.
വി.സി പദവിയിലേക്ക് പരിഗണിക്കാന്‍ യോഗ്യരായവരുടെ നാമനിര്‍ദേശം വിശദമായ ബയോഡാറ്റ, പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ വിശദാംശം, പ്രവൃത്തി പരിചയം, ബഹുമതികള്‍ എന്നിവയുടെ വിവരങ്ങള്‍ സഹിതം ഒക്ടോബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം ഫിന്നി സക്കറിയ, അഡീഷനല്‍ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ്, റൂം നമ്പര്‍-137, നോര്‍ത് ബ്ളോക്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം. അടുത്ത മാസം 12ന് സെര്‍ച് കമ്മിറ്റി വീണ്ടും യോഗം ചേരും. ചാന്‍സലറായ ഗവര്‍ണറുടെ പ്രതിനിധിയായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍, യു.ജി.സി പ്രതിനിധി ഡോ.എസ്.എ. ബാരി, കാലിക്കറ്റ് സര്‍വകലാശാല പ്രതിനിധി കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. കമ്മിറ്റി നിര്‍ദേശിക്കുന്ന പേരുകളില്‍നിന്ന് ഗവര്‍ണറാണ് വി.സിയെ നിയമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.