തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ കൂലി നല്‍കാനാവില്ലെന്ന് പറഞ്ഞിട്ടില്ല -ഷിബു ബേബിജോണ്‍

കോഴിക്കോട്: തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവന തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ തിരുത്തി. തൊഴിലാളികളുടെ വേതനം 500 രൂപയാക്കിയാല്‍ തോട്ടം മേഖല സ്തംഭിക്കുമെന്നായിരുന്നു രാവിലെ ഷിബു ബേബി ജോണ്‍ പറഞ്ഞത്.  എന്നാല്‍ പ്രസ്താവന വിവാദമായതോടെ താന്‍ അങ്ങന്‍െ പറഞ്ഞിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് പരമാവധി വേതനം നല്‍കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാറിലെ  തോട്ടം തൊഴിലാളികള്‍ ആവശ്യപ്പെടുന്നതുപോലെ  500 രൂപ ദിവസക്കൂലി നല്‍കിയാല്‍ തോട്ടം മേഖല സ്തംഭിക്കുമെന്നായിരുന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്‍െറ പ്രസ്താവന. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍െറ പ്രസ്താവനകളെയും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു. തൊഴില്‍ വകുപ്പിന് കീഴിലുള്ള കൗശല്‍ കേന്ദ്രയുടെ ഉദ്ഘാടനത്തിനായി കോഴിക്കോട് എത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

കയ്യടിക്കുവേണ്ടി 500 രൂപ നടപ്പാക്കിയാല്‍ തൊഴിലാളികള്‍ പിന്നീട് കഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തില്‍ ഉല്‍പാദനം കുറവും വില കൂടുതലുമാണ്. എന്നാല്‍, കേരളത്തിന്‍െറ തേയിലക്ക് വിലക്കുറവാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും ഗൗരവത്തോടെ വിഷയത്തെ സമീപിക്കണം. എങ്കിലേ, ഈ മേഖല നിലില്‍ക്കൂ. ഇക്കാര്യത്തില്‍ ഏറെ ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.

ട്രേഡ് യൂണിയനുകള്‍ക്കുനേരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെയും മന്ത്രി ചോദ്യംചെയ്തു. ട്രേഡ് യൂണിയനുകളെ അടച്ചാക്ഷേപിക്കുന്നത് അരാജകത്വം വര്‍ധിപ്പിക്കും. ട്രേഡ് യൂണിയനുകളെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എല്ലാവരും കള്ളന്‍മാരാണെന്ന് പറയാനാവില്ല. ട്രേഡ് യൂണിയന്‍ നേതാക്കളില്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അവരെ മാറ്റി പുതിയ നേതൃത്വത്തെ ഏല്‍പിക്കുകയാണ് വേണ്ടത്. പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന്‍ കേരളത്തിലെ സമാരാധ്യനായ നേതാവാണ്. അദ്ദേഹത്തിന് ജനങ്ങളുടെ മനസ്സിലൊരു സ്ഥാനമുണ്ട്. എന്നാല്‍. പ്രതിപക്ഷ നേതാവാണെന്ന് കരുതി വി.എസ് എന്തും പറയരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. താന്‍ മന്ത്രിക്കസേരയില്‍ ഇരിക്കണമോയെന്ന് തൊഴിലാളികള്‍ തീരുമാനിക്കും. തൊഴിലാളികള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മന്ത്രിക്കസേര ഒഴിയുമെന്നും ഷിബുബേബി ജോണ്‍ പറഞ്ഞു.

 തൊഴില്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.  ഉറപ്പു നല്‍കിയതിനുശേഷം നയം മാറ്റുന്നത് കടുത്ത വിശ്വാസ വഞ്ചനയാണെന്നും ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബിജിമോള്‍ എം.എല്‍.എ പ്രതികരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.