കോണ്‍ഗ്രസിലെ തര്‍ക്കം ഡല്‍ഹിയില്‍ തീര്‍ക്കാന്‍ നേതൃത്വം

ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനോടുള്ള അമര്‍ഷം എ-ഐ ഗ്രൂപ്പുകള്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡില്‍ എത്തിച്ചതിനുപിന്നാലെ മുതിര്‍ന്ന നേതാക്കളെ വെടിനിര്‍ത്തലിന് പാര്‍ട്ടി നേതൃത്വം ഡല്‍ഹിക്ക് വിളിച്ചേക്കും. സംസ്ഥാനത്തെ സാഹചര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ് സംഘം കഴിഞ്ഞദിവസം സോണിയ ഗാന്ധിയെ കണ്ടിരുന്നു.

എ ഗ്രൂപ്പിന്‍െറ ‘കേസ് വാദിക്കാന്‍’ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഡല്‍ഹി യാത്രക്ക് പരിപാടിയിട്ടതാണ്. എന്നാല്‍ രമേശ് ചെന്നിത്തലയും സംഘവും നടത്തിയ ഡല്‍ഹി യാത്രകൊണ്ട് തനിക്ക് പറയാനുള്ളതുകൂടി പറഞ്ഞുകിട്ടിയതിന്‍െറ ആശ്വാസത്തിലാണ് മുഖ്യമന്ത്രി. സോണിയ-രമേശ് കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹി യാത്ര തല്‍ക്കാലം ഉപേക്ഷിച്ചത്.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അടുത്തദിവസം ഡല്‍ഹിയില്‍ എത്തിയേക്കും. ഇതിനിടെയാണ് പ്രശ്നം തീര്‍ക്കുന്നതിന് റിപ്പോര്‍ട്ട് നല്‍കാന്‍ മുകുള്‍ വാസ്നിക്കിനെ ചുമതലപ്പെടുത്തിയത്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടക്ക് സുധീരന്‍െറ പാര്‍ട്ടി പുന$സംഘടനാശ്രമം മാറ്റിവെക്കണമെന്ന കാര്യത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകളാണെങ്കിലും ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഒരേനിലപാടാണ്. തെരഞ്ഞെടുപ്പില്‍ പ്രകടമാകേണ്ട ഐക്യത്തിന് തടസ്സമാണ് പുന$സംഘടനയെന്നാണ് അവരുടെ വാദം.

അഴിമതിക്കെതിരായ നിലപാടിലൂടെ സുധീരന്‍ നേടിയ സ്വീകാര്യത തന്ത്രപൂര്‍വം മറികടക്കാനാണ് ഹൈകമാന്‍ഡിനെ ഇടപെടുവിക്കുന്നതിലൂടെ ഇരുഗ്രൂപ്പുകളും ശ്രമിക്കുന്നത്. സുധീരന്‍ പാര്‍ട്ടിയില്‍ സ്വന്തം കരുത്ത് വളര്‍ത്തിയെടുക്കുന്നതിനെ ചെറുക്കുന്നെന്ന വിശദീകരണമാണ് എ-ഐ ഗ്രൂപ്പുകള്‍ നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.