കല്‍ബുര്‍ഗി വധം കൊലയാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം

ബംഗളൂരു: ഡോ.എം.എം. കല്‍ബുര്‍ഗിയുടെ ഘാതകരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കും. വിവരം നല്‍കുന്നവരെ സംബന്ധിച്ച കാര്യങ്ങള്‍ രഹസ്യമാക്കിവെക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കല്‍ബുര്‍ഗി, നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ബന്ധുക്കളുമായി ബംഗളൂരുവിലെ ഒൗദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന്‍െറ അന്വേഷണം വേഗത്തിലാക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഘാതകരെ കണ്ടത്തൊനുള്ള സി.ഐ.ഡി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കുറ്റവാളികള്‍ ഉടന്‍ പിടിയിലാകുമെന്നും മുഖ്യമന്ത്രി ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി.  സി.ബി.ഐ അന്വേഷണത്തേക്കാള്‍ ബന്ധുക്കള്‍ക്ക് സി.ഐ.ഡി അന്വേഷണത്തിലാണ് വിശ്വാസം. അതിനാല്‍, നിലവില്‍ കേസ് സി.ബി.ഐക്ക് കൈമാറില്ല.

സമൂഹത്തില്‍ വര്‍ഗീയവിദ്വേഷം പരത്തുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കല്‍ബുര്‍ഗിയുടെ മകന്‍ വിജയ്, ഗോവിന്ദ് പന്‍സാരെയുടെ മകള്‍ മേഘ പന്‍സാരെ, നരേന്ദ്ര ദാഭോല്‍കറുടെ മകള്‍ മുക്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ഗിരീഷ് കര്‍ണാട്, ചമ്പ വസുന്ധരരാജ തുടങ്ങി കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും പ്രമുഖ എഴുത്തുകാരും കേരളത്തിലേത് ഉള്‍പ്പെടെയുള്ള യുക്തിവാദി പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എഴുത്തുകാര്‍ക്കുനേരെയുള്ള ഭീഷണിയിലും കൊലപാതകത്തില്‍ അന്വേഷണം വൈകുന്നതിലും ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.