കമ്യൂണിസ്റ്റുകാര്‍ വിശ്വാസികളെയും അവിശ്വാസികളെയും ഉള്‍ക്കൊള്ളുന്നവര്‍ -കോടിയേരി

മലപ്പുറം: വര്‍ഗീയതക്കെതിരെ മൗനം പാലിക്കുന്നത് അപകടകരമാണെന്നും ഇത് വര്‍ഗീയ-തീവ്രവാദ ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വര്‍ഗീയ ഭ്രാന്തിന്‍െറ കെടുതികള്‍ ധാരാളം അനുഭവിച്ച രാജ്യത്ത് ഇപ്പോള്‍ ഭരണകൂടത്തിന്‍െറ ഒത്താശയോടെയാണ് വര്‍ഗീയ-തീവ്രവാദ ശക്തികള്‍ പിടിമുറുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ടൗണ്‍ഹാളില്‍ ഇ.എം.എസ് സ്മാരക പഠനകേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. മതേതരത്വവും ജനാധിപത്യവും കനത്ത വെല്ലുവിളി നേരിടുകയാണ്. ഭൂരിപക്ഷ വര്‍ഗീയത അധികാരം പിടിച്ചെടുത്തുകഴിഞ്ഞു. ആര്‍.എസ്.എസാണ് ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. ഇതിനെതിരെ ന്യൂനപക്ഷ വര്‍ഗീയതയും ശക്തി പ്രാപിക്കുമ്പോള്‍ സ്ഥിതിഗതികള്‍ ഭയാനകമാവുകയാണ്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മതത്തിന്‍െറയും വിശ്വാസത്തിന്‍െറയും പേരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ വിശ്വാസികളത്തെന്നെയാണ് കൊന്നൊടുക്കുന്നത്. പശ്ചിമേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കൊന്നൊടുക്കുന്നത് ഇസ്ലാംമത വിശ്വാസികളെയാണ്. നാളെ സംഘ്പരിവാറും ഇതേ രൂപത്തിലേക്ക് മാറും. യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിച്ചതിന്‍െറ പേരില്‍ അടുത്ത കാലത്ത് രാജ്യത്ത് പലരും കൊല്ലപ്പെട്ടത് അവര്‍ മുസ്ലിംകളോ ക്രിസ്ത്യാനികളോ ആയതിനാലല്ല. രാജ്യത്ത് കോര്‍പറേറ്റുകളുടെ ചാവേറുകളായാണ് സംഘ്പരിവാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഭരണകൂടത്തിന്‍െറ ഒത്താശയോടെ കലാപം സൃഷ്ടിക്കുന്നതിന്‍െറ പിന്നില്‍ സംഘ് ശക്തികളാണ്. ജീവന്‍ ബലിയര്‍പ്പിച്ചും കമ്യൂണിസ്റ്റുകാര്‍ വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികളെ ചെറുക്കും. ഭൗതികവാദത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുമ്പോഴും കമ്യൂണിസ്റ്റുകാര്‍ മതത്തിനും ആരാധനകള്‍ക്കും എതിരല്ല. വിശ്വാസികളെ അകറ്റിനിര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുകയാണെന്ന് 1848 മുതല്‍ ലോകമാകെ പ്രചാരവേല നടക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി എവിടെയും മതങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ല. ഒരിടത്തും ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടില്ല. വിശ്വാസികളുടെ പേര് പറഞ്ഞാണ് ഇതെല്ലാം നടത്തിയത്. അഫ്ഗാനിലെ ബുദ്ധപ്രതിമ തകര്‍ത്തത് താലിബാനാണ്. ബാബറി മസ്ജിദ് തകര്‍ത്തെറിഞ്ഞത് ഹിന്ദുത്വ ശക്തികളാണ്. കമ്യൂണിസ്റ്റുകാര്‍ വിശ്വാസികളെയും അവിശ്വാസികളെയും ഉള്‍ക്കൊള്ളുന്നവരാണ്. ഈഴവ പ്രമാണിമാര്‍ക്ക് അന്നും ഇന്നും ശ്രീനാരായണ ഗുരുവിന്‍െറ ആത്മീയപ്രഭ മതി. ആദര്‍ശവും ദര്‍ശനവും വേണ്ട. ഗുരുവിന്‍െറ പേരില്‍ മുതലെടുപ്പ് നടത്തുകയാണവര്‍. ശ്രീനാരായണ പ്രസ്ഥാനത്തിനും ചാതുര്‍വര്‍ണ്യം പറയുന്ന  ആര്‍.എസ്.എസിനും ഒരു തരത്തിലും പൊരുത്തപ്പെടാനാവില്ല. സംവരണം പോലും വേണ്ടെന്നാണ് സംഘ്പരിവാര്‍ നേതാക്കള്‍ പറയുന്നതെന്നും കോടിയേരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.