മൂന്നാര്‍: ‘മൂന്നാറിന്‍ മക്കളേ, വണക്കം’. ചുറ്റും കൂടിയ ആയിരക്കണക്കിന് തൊഴിലാളി സ്ത്രീകള്‍ക്കുമുന്നില്‍ വി.എസ്. അച്യുതാനന്ദന്‍ ആദ്യവാക്കുകള്‍ പറഞ്ഞുതീര്‍ക്കുമ്പോള്‍ ഒമ്പതുദിവസമായി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച കൈകള്‍ നിര്‍ത്താതെ കൈയടിച്ചുകൊണ്ടിരുന്നു. ഇതാദ്യമായിട്ടായിരുന്നു അവര്‍ ഒരു നേതാവിന്‍െറ പ്രസംഗത്തിന് കൈയടിക്കാന്‍ തയാറാകുന്നത്. പതിവ് സമരദിവസങ്ങളെപ്പോലെ തന്നെയാണ് തൊഴിലാളി സ്ത്രീകള്‍ കണ്ണന്‍ദേവന്‍ കമ്പനി ഓഫിസിന് മുന്നില്‍ ഉപരോധവുമായി എത്തിയത്.
രാവിലെ തന്നെ സമരപ്പന്തലിലേക്ക് എത്തിയ ആര്‍.എം.പി നേതാവ് കെ.കെ. രമ, മഹിള കോണ്‍ഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, ലതിക സുഭാഷ് തുടങ്ങിയ വനിതാ നേതാക്കള്‍ക്ക് തൊഴിലാളികളുടെ പ്രതിഷേധം മൂലം സമരമുഖത്ത് ഇരിപ്പിടം ലഭിച്ചില്ല. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മണിമൊഴിയെപ്പോലും സമരക്കാര്‍ തുരത്തിയോടിച്ചു. സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ക്കിടെ 11.15 ഓടെയാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ കാര്‍ മൂന്നാറിലേക്കത്തെിയത്. മൂന്നാര്‍ പാലത്തിന് അഭിമുഖമായി കാര്‍ നിന്നു. അവിടെനിന്ന് പൊലീസ് അകമ്പടിയോടെ വി.എസ് കാറില്‍നിന്നിറങ്ങി പാലം കടന്ന് തൊഴിലാളികള്‍ക്ക് അഭിമുഖമായിനിന്നു.
സമരത്തിന്‍െറ പുതിയ ചരിത്രം സൃഷ്ടിക്കുന്ന സ്ത്രീ തൊഴിലാളികളെ ഒന്നുനോക്കി. പിന്നെ വലതുകൈ മുഷ്ടി മുകളിലേക്ക് ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചു. അതോടെ വലിയൊരു ആരവമായി സമരതൊഴിലാളികള്‍ ഒന്നടങ്കം വി.എസിന് മുന്നിലേക്ക് തിരിഞ്ഞ് റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. ചിലര്‍ക്ക് വന്നതാരാണെന്നുപോലും അറിയില്ല. അറിയാത്തവരോട് മറ്റുള്ളവര്‍ പറഞ്ഞു. പെരിയവര്‍, നമ്മുടെ സമരമറിഞ്ഞത്തെിയതാണ്. തമിഴില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്ത വി.എസ് അവര്‍ക്ക് മുന്നിലായി ആരോ എത്തിച്ച കസേരയില്‍ ഇരുന്നു.
ഇതിനിടെ തോട്ടം തൊഴിലാളികള്‍ ഓരോരുത്തരായി വി.എസിന് മുന്നിലേക്കത്തെി തുടങ്ങി. അദ്ദേഹത്തിന്‍െറ കാല്‍ച്ചുവട്ടില്‍ ഇരുന്ന് തലമുറകളായി തങ്ങളനുഭവിക്കുന്ന കൊടിയ ചൂഷണത്തിന്‍െറ കഥ കണ്ണീരോടെ അവതരിപ്പിച്ചു. എല്ലാം കേട്ട വി.എസ് അവരോട് പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ സമരം വിജയം കാണുന്നതുവരെ ഞാന്‍ ഇവിടെ കാണും. വി.എസിന്‍െറ വാക്കുകള്‍ സ്പീക്കറിലൂടെ മുഴങ്ങിക്കേട്ടപ്പോള്‍ തൊഴിലാളികളുടെ മുഖത്ത് ആവേശത്തിന്‍െറ തിരകള്‍ ആഞ്ഞടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.