തിരുവനന്തപുരം: വ്യവസ്ഥാപിത സംഘടനകള്‍ ജനകീയ പ്രശ്നങ്ങളില്‍നിന്ന് അകലുമ്പോള്‍ സംഘടിത തൊഴിലാളികള്‍ സ്വയം നിര്‍ണയ രാഷ്ട്രീയവഴികള്‍ തേടുന്നതിന്‍െറ നേര്‍ക്കാഴ്ചയാവുകയാണ് മൂന്നാര്‍. ഒന്നര പതിറ്റാണ്ടായി കേരളത്തില്‍ രൂപപ്പെടുന്ന അസംഘടിത ജനവിഭാഗങ്ങളുടെ വിവിധ സമരരൂപങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്‍െറ തെളിവുകൂടിയാണ് കെ.ഡി.പി.എച്ചിലെ സ്ത്രീ തൊഴിലാളികളുടെ സമരം.
വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളുടെ നേതൃത്വമില്ലാതെ സാമൂഹിക^ പരിസ്ഥിതി വിഷയങ്ങള്‍ ഉയര്‍ത്തി പ്രാദേശിക, സംസ്ഥാനതലത്തില്‍ നിരവധി സമരങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. നിക്ഷിപ്ത താല്‍പര്യം മുന്‍നിര്‍ത്തി മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ ഈ പ്രശ്നങ്ങളെ കൈയൊഴിഞ്ഞപ്പോഴാണ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി പലേടത്തും പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പ്രാദേശികമായും ചില വിഷയങ്ങളില്‍ സംസ്ഥാനതലത്തിലും സംഘടനകള്‍ രൂപവത്കരിച്ചും എന്‍.ജി.ഒകളുടെ നേതൃത്വത്തിലുമൊക്കെയായിരുന്നു സമരങ്ങള്‍.
എന്നാല്‍, ഇവിടങ്ങളിലൊക്കെ പിന്നീട് സമാന്തര സമരസംവിധാനങ്ങള്‍ രൂപവത്കരിക്കാനും ഒടുവില്‍ സമരം ഏറ്റെടുക്കാനും തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയനേട്ടം കൊയ്യാനും രാഷ്ട്രീയകക്ഷികള്‍ക്ക് കഴിഞ്ഞു. ആദിവാസി ഭൂപ്രശ്നം ഉന്നയിച്ച് ആദിവാസി ഗോത്രമഹാസഭ 2000ല്‍ ആരംഭിച്ച ഭൂസമരമാണ് വ്യവസ്ഥാപിത രാഷ്ട്രീയത്തിന് അതീതമായ സമരങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ 2002ല്‍ പ്ളാച്ചിമട കൊക്കക്കോള കമ്പനിയുടെ ജലചൂഷണത്തിനെതിരെയും കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും സമരങ്ങള്‍ ആരംഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജനകീയസമരങ്ങളുടെ വേലിയേറ്റം സംസ്ഥാനത്ത് കാണാനായി.
ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍, ഗെയ്ല്‍ പൈപ്പ് ലൈന്‍, കാതിക്കുടം, വിളപ്പില്‍ശാല, ലാലൂര്‍, ഏലൂര്‍, കരിമണല്‍^ കടല്‍ മണല്‍ ഖനനം, മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ എന്നിവക്കെതിരെ സമരങ്ങള്‍ ഉയര്‍ന്നുവന്നു. പത്തനംതിട്ട^പാലക്കാട്^വയനാട്^തിരുവനന്തപുരം ജില്ലകളിലെ ക്വാറി വിരുദ്ധ സമരവും ഇക്കൂട്ടത്തില്‍പെടുന്നു. അട്ടപ്പാടിയിലെ കാറ്റാടി സമരവും ചെങ്ങറ ഭൂസമരവും അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരുന്നതായി. കോഴിക്കോട് ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ ആരംഭിച്ച ഇരിക്കാനും മൂത്രം ഒഴിക്കാനും വേണ്ടിയുള്ള സമരം സംസ്ഥാനമെമ്പാടും വ്യാപിച്ചു.
ചുംബനസമരവും ആലിംഗനസമരവും സ്വയംഭരണത്തിന് എതിരായി എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന സമരവും ഈ വഴിയിലെ പുതിയ അധ്യായമായിരുന്നു. പലസമരങ്ങളോടും ആദ്യം മുഖം തിരിഞ്ഞുനിന്ന മുഖ്യധാരാകക്ഷികള്‍ പിന്നീട് ഇവയെ ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതമായി.
മുത്തങ്ങ, പ്ളാച്ചിമട സമരങ്ങള്‍ എല്‍.ഡി.എഫ് ഏറ്റെടുത്തപ്പോള്‍ അട്ടപ്പാടി, കാറ്റാടി, മൂലമ്പിള്ളി സമരങ്ങള്‍ യു.ഡി.എഫും ഉപയോഗിച്ചു. എന്നാല്‍, രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കപ്പുറം സമരരംഗത്ത് തുടരാനോ ഇരകള്‍ക്കൊപ്പം നില്‍ക്കാനോ മുഖ്യധാരാകക്ഷികള്‍ തയാറായില്ല.
ഈപാഠം ഉള്‍ക്കൊണ്ടുകൂടിയാണ് കെ.ഡി.പി.എച്ചിലെ സ്ത്രീ തൊഴിലാളികള്‍ രാഷ്ട്രീയത്തിന് അതീതമായ നിലപാട് കൈക്കൊണ്ടത്.
വ്യവസ്ഥാപിത സംഘടനകളുടെ പിടിയില്‍നിന്ന് അകന്ന് സംഘടിത തൊഴിലാളി ശക്തിയായി സമരമുഖത്ത് അണിനിരന്ന സ്ത്രീകളുടെ മുന്നില്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ പരാജയപ്പെടുന്നതാണ് മൂന്നാറില്‍ ദൃശ്യമായത്. സമരാവേശം ഏറ്റെടുക്കാന്‍ വൈകിയത്തെിയ മന്ത്രിമാര്‍ക്കും വനിതാ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും തൊഴിലാളികളുടെ വിശ്വാസ്യത ആര്‍ജിക്കാനാവാതെ മടങ്ങേണ്ടിവന്നത് ഇത് തെളിയിക്കുന്നു. അതേസമയം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ലഭിച്ച സ്വീകാര്യത താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനക്കപ്പുറം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തോടുള്ള വിശ്വാസ്യത ഒന്നുകൊണ്ടുമാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.