തിരുവനന്തപുരം: ന്യൂനപക്ഷപദവിയുടെമറവില്‍ സ്വന്തം നിലക്ക് മെഡിക്കല്‍പ്രവേശം നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ സീറ്റുകള്‍ക്ക് ലക്ഷങ്ങളുടെ ലേലംവിളി. അതേസമയം, മെറിറ്റ് അട്ടിമറിച്ച് സീറ്റ് കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ.എം. വീരാന്‍കുട്ടി അറിയിച്ചു. ഇതിനകം ഒട്ടേറെ പരാതികള്‍ ലഭിച്ചതായും ചൊവ്വാഴ്ച കോഴിക്കോട്ടും ബുധനാഴ്ച മലപ്പുറത്തും നടത്തുന്ന സിറ്റിങ്ങുകളില്‍ ഇത് പരിശോധിച്ച് കോളജുകള്‍ക്ക് നോട്ടീസ് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രവേശപരീക്ഷാകമീഷണറുടെ പട്ടികയില്‍ നിന്നുള്ള അലോട്ട്മെന്‍റ് സ്വീകരിക്കാതെ മുഴുവന്‍ സീറ്റുകളിലേക്കും സ്വന്തം നിലക്ക് പ്രവേശം നടത്തുന്ന കോളജുകളിലേക്കാണ് ലക്ഷങ്ങള്‍ തലവരിപ്പണമായി വാങ്ങുന്നത്. മാനേജ്മെന്‍റുകള്‍ നേരിട്ടും ഏജന്‍റുമാര്‍ വഴിയുമാണ് തുക ഉറപ്പിച്ച് സീറ്റ് നല്‍കുന്നത്. റാങ്ക് പട്ടിക പരിശോധിച്ച് വിദ്യാര്‍ഥികളുടെ നമ്പര്‍ തേടിപ്പിടിച്ച് ഓഫര്‍ നല്‍കി അങ്ങോട്ട് സമീപിക്കുന്ന ഏജന്‍റുമാരുമുണ്ട്.
ആറ് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലാണ് ഇത്തവണ സര്‍ക്കാര്‍ അലോട്ട്മെന്‍റ് സ്വീകരിക്കാതെ നേരിട്ട് അപേക്ഷ ക്ഷണിച്ച് പ്രവേശം നല്‍കുന്നത്. സര്‍ക്കാറിന് ലഭിക്കേണ്ട 300 സീറ്റുകളാണ് ഇതുവഴി നഷ്ടപ്പെടുക. 4.5 ലക്ഷംമുതല്‍ 5.95 ലക്ഷംവരെ വാര്‍ഷിക ഫീസും അഞ്ചുവര്‍ഷത്തെ ഫീസിന് ബാങ്ക് ഗാരന്‍റിയുമാണ് പ്രോസ്പെക്ടസില്‍ ഈ കോളജുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, 40 ലക്ഷം മുതല്‍ 60 ലക്ഷം വരെ തലവരിപ്പണമാണ് പ്രവേശത്തിന് സ്വകാര്യമായി ഏജന്‍റുമാര്‍ വഴി ആവശ്യപ്പെടുന്നത്.
മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് ഈ കോളജുകളില്‍ വിദ്യാര്‍ഥിപ്രവേശം നടത്തുന്നതെന്നാണ് ആക്ഷേപം. ന്യൂനപക്ഷപദവി ലഭിക്കുന്ന സ്ഥാപനങ്ങള്‍ ന്യൂനപക്ഷസമുദായത്തിലുള്ളവരുടെ വിദ്യാഭ്യാസഉന്നമനത്തിന് പര്യാപ്തമായിരിക്കണം എന്നത് ഇതുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥയാണ്.
എന്നാല്‍ ന്യൂനപക്ഷ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികള്‍ മെച്ചപ്പെട്ട റാങ്കുണ്ടായിട്ടും സര്‍ക്കാര്‍ അലോട്ട്മെന്‍റ് ലഭിക്കാതെ പുറത്തു നില്‍ക്കുമ്പോഴാണ് താരതമ്യേന റാങ്കില്‍ പിറകില്‍ നില്‍ക്കുന്നവരെ പദവിയുള്ള കോളജുകളില്‍ ലക്ഷങ്ങള്‍ വാങ്ങി പ്രവേശം നല്‍കുന്നത്. പെരിന്തല്‍മണ്ണ എം.ഇ.എസ്, കോഴിക്കോട് മുക്കം കെ.എം.സി.ടി, കൊല്ലം അസീസിയ, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ്, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് എന്നിവയാണ് ഈവര്‍ഷം പദവിയുടെ മറവില്‍ സ്വന്തം നിലക്ക് പ്രവേശം നടത്തുന്ന കോളജുകള്‍. പെരിന്തല്‍മണ്ണ എം.ഇ.എസിലും കൊല്ലം അസീസിയയിലും 5.95 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്. അഞ്ചുവര്‍ഷത്തെ ഫീസിന് തുല്യമായ ബാങ്ക് ഗാരന്‍റിയും നല്‍കണം.
5.5 ലക്ഷം രൂപയാണ് ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ വാര്‍ഷികഫീസ്. ഈ കോളജുകളിലേക്ക് 2013^14, ‘14^15 വര്‍ഷങ്ങളില്‍വരെ ആകെയുള്ള സീറ്റുകളില്‍ പകുതി എണ്ണത്തിലേക്ക് പ്രവേശപരീക്ഷാ കമീഷണര്‍ ആയിരുന്നു അലോട്ട്മെന്‍റ് നടത്തിയിരുന്നത്.
എം.ഇ.എസ് കോളജ് കഴിഞ്ഞവര്‍ഷം മുതല്‍ സര്‍ക്കാര്‍ അലോട്ട്മെന്‍റ് നിരസിച്ച് ന്യൂനപക്ഷപദവി ആനുകൂല്യത്തില്‍ നേരിട്ട് പ്രവേശം നടത്തി.
ഈ വര്‍ഷം ഇതേ ആനുകൂല്യത്തില്‍ കൂടുതല്‍ കോളജുകള്‍ സ്വന്തം നിലക്ക് പ്രവേശം നടത്താന്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ അലോട്ട്മെന്‍റ് കാത്തിരിക്കുന്ന മെച്ചപ്പെട്ട റാങ്കുള്ള വിദ്യാര്‍ഥികള്‍ പുറത്തായി. ഇവരേക്കാള്‍ റാങ്കില്‍ പിറകിലുള്ള വിദ്യാര്‍ഥികളാണ് കൂടുതല്‍ ഫീസും തലവരിയും നല്‍കാന്‍ തയാറായി ഇത്തരം കോളജുകളില്‍ പ്രവേശം തരപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.