മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി സി.എസ്.ഐ -പെന്തക്കോസ്ത് തര്‍ക്കം

കല്‍പറ്റ: മൃതദേഹം മറവുചെയ്യുന്നതിനെച്ചൊല്ലി ക്രിസ്ത്യന്‍ സമുദായത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷാവസ്ഥക്ക് വഴിവെച്ചു. കല്‍പറ്റക്കടുത്ത പുല്‍പാറ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ സി.എസ്.ഐ-പെന്തക്കോസ്ത് വിഭാഗത്തിലെ തൊഴിലാളികള്‍ തമ്മിലാണ് തര്‍ക്കം. ശ്മശാനഭൂമി സംബന്ധിച്ച പ്രശ്നത്തിന് അധികൃതര്‍ തീര്‍പ്പുണ്ടാക്കാത്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. മൂന്നുവര്‍ഷമായി തുടരുന്ന തര്‍ക്കം രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമായി വളരുകയാണ്. ശനിയാഴ്ച ഉച്ചക്ക് മുന്‍തൊഴിലാളിയും പെന്തക്കോസ്ത് വിഭാഗത്തില്‍പെട്ടയാളുമായ അഗസ്റ്റ്യന്‍ (65) മരിച്ചിരുന്നു. എന്നാല്‍ എസ്റ്റേറ്റ് ശ്മശാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും മറ്റുള്ളവരുടെ ആചാരപ്രകാരം ഇവിടെ സംസ്കാരം നടത്തരുതെന്നും സി.എസ്.ഐ സഭക്കാരായ ചിലര്‍ പറഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. ഉന്തുംതള്ളുമായതോടെ പൊലീസ് ഇടപെട്ട് മൃതദേഹം സംസ്കരിക്കുകയായിരുന്നു. സുശീലയാണ് അഗസ്റ്റ്യന്‍െറ ഭാര്യ. മക്കള്‍: സുരേഷ് (തിരുപ്പൂര്‍), മഹേഷ്.

പുല്‍പാറ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഏഴ് പാടികളിലായി വിവിധ മതങ്ങളിലുള്ള 30 കുടുംബങ്ങളാണ് താമസിക്കുന്നത്. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍നിന്ന് വന്നവരാണിവര്‍. ആര്‍.സി, സി.എസ്.ഐ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മാത്രമേ മുമ്പുണ്ടായിരുന്നുള്ളൂ. ഇവര്‍ക്ക് എസ്റ്റേറ്റ് മാനേജ്മെന്‍റ് ഒരേക്കറിലധികം ഭൂമി ശ്മശാനത്തിനായി നല്‍കി. കൂടുതല്‍ പേരുള്ള ആര്‍.സി വിഭാഗത്തിന് മുക്കാല്‍ ഏക്കറും സി.എസ്.ഐ വിഭാഗത്തിന് 27 സെന്‍റുമായി പിന്നീട് വിഭജിച്ചു.

മുസ്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും വെവ്വേറെയും സ്ഥലം നല്‍കിയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് കുടുംബങ്ങള്‍ സി.എസ്.ഐയില്‍ നിന്ന് പെന്തക്കോസ്ത് വിഭാഗത്തിലേക്ക് മാറിയതോടെയാണ് പ്രശ്നം ഉടലെടുക്കുന്നത്. 60 വര്‍ഷങ്ങളായി ശ്മശാനത്തില്‍ തങ്ങളുടെ ആചാരപ്രകാരം മാത്രമേ അടക്കം നടന്നിട്ടുള്ളൂവെന്നാണ് സി.എസ്.ഐ വിഭാഗത്തിന്‍െറ വാദം.

എന്നാല്‍, ക്രിസ്ത്യന്‍ തൊഴിലാളികള്‍ക്ക് മൊത്തമായാണ് ശ്മശാനം നല്‍കിയതെന്നും തങ്ങള്‍ക്ക് കൂടി ഇത് അവകാശപ്പെട്ടതാണെന്നും പെന്തക്കോസ്തുകാരും പറയുന്നു. മൂന്ന് വര്‍ഷമായി ഇതുസംബന്ധിച്ച് കശപിശയുണ്ടാകാറുണ്ട്. മുമ്പ് പ്രശ്നമുണ്ടായപ്പോള്‍ പൊലീസ് ഇടപെട്ടിരുന്നു. ഇതുപ്രകാരം ബോര്‍ഡ് വെച്ചതിനെ ചൊല്ലി ബഹളമുണ്ടായപ്പോള്‍ എടുത്തുമാറ്റുകയായിരുന്നു. അന്തിമതീര്‍പ്പുണ്ടാക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.

ശനിയാഴ്ച മരിച്ച അഗസ്റ്റ്യന്‍െറ മൃതദേഹം ഞായറാഴ്ച രാവിലെ പത്തരയോടെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍, തങ്ങളുടെ ആചാരപ്രകാരം അന്ത്യകൂദാശ കര്‍മങ്ങള്‍ നടത്തണമെന്ന് സി.എസ്.ഐക്കാര്‍ പറഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പൊലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതോടെ ഇരുവിഭാഗവും ശ്മശാനത്തിലേക്ക് പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു.

പിന്നീട് മറ്റു ചില തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് സാന്നിധ്യത്തില്‍ കുടുംബാംഗങ്ങളെ മാത്രം ശ്മശാനത്തില്‍കയറ്റി ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെ സംസ്കാരം നടത്തുകയായിരുന്നു. അതേ സമയം, ക്രിസ്ത്യന്‍ തൊഴിലാളികള്‍ക്കെന്ന പേരിലാണ് ശ്മശാനഭൂമി നല്‍കിയതെന്ന് എസ്റ്റേറ്റ് അധികൃതര്‍ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.