മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ കുറവ്; ഓഡിറ്റ് രേഖകളും നികുതി റിട്ടേണും യഥാസമയം നല്‍കുന്നില്ല

പെരിന്തല്‍മണ്ണ: തദ്ദേശ സ്വയംഭരണവകുപ്പിലെ എന്‍ജിനീയറിങ് മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ജീവനക്കാരുടെ കുറവ് മൂലം പൊതുപണം വിനിയോഗിച്ചതിന്‍െറ രേഖകളും രജിസ്റ്ററുകളും യഥാസമയം ഓഡിറ്റിന് കൈമാറുന്നതില്‍ വലിയ വീഴ്ച. പൊതു ഖജനാവിലേക്ക് നികുതിയിനത്തില്‍ എത്തേണ്ട തുക സ്വരൂപിക്കാനും അതിന്‍െറ റിട്ടേണുകള്‍ കൃത്യസമയത്ത് സമര്‍പ്പിക്കാനും കഴിയുന്നില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിഭാവന ചെയ്യുന്ന പദ്ധതികള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിന് 2008ലാണ് എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗത്തിന് രൂപം കൊടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീരുമാനിക്കുന്ന മരാമത്ത് പണികള്‍ സ്വതന്ത്ര ഏജന്‍സി നിര്‍വഹിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് പഞ്ചായത്ത്-നഗരപാലിക വ്യവസ്ഥയില്‍ എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗം നിലവില്‍വന്നത്.

14 ജില്ലാപഞ്ചായത്തിലും അഞ്ച് കോര്‍പറേഷനിലും 60 മുനിസിപ്പാലിറ്റികളിലും 152 ബ്ളോക്കുകളിലും 978 ഗ്രാമപഞ്ചായത്തുകളിലുമായാണ് വിഭാഗം വ്യാപിച്ച് കിടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ മൊത്തം പദ്ധതി വിഹിതത്തിന്‍െറ 65 ശതമാനം തുകയും ചെലവഴിക്കുന്നതും ഇതേ വകുപ്പ് തന്നെ.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് 923 കോടിയും ജലസേചനവകുപ്പിന് 451 കോടിയും നീക്കിവെച്ചപ്പോള്‍ എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗത്തിനായി 4500 കോടി രൂപയുടെ പദ്ധതി നിര്‍വഹണമാണ് ഏല്‍പിച്ചത്. ഒരുവര്‍ഷം പൊതുമരാമത്ത് വകുപ്പ്  2000ല്‍താഴെ മാത്രം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വകുപ്പ് പതിനായിരത്തിലധികം പദ്ധതികള്‍ക്കാണ് ഫണ്ട് വിനിയോഗിക്കുന്നത്. ചീഫ് എന്‍ജിനീയര്‍ മുതല്‍ മുന്നാം ഗ്രേഡ് ഓവര്‍സിയര്‍ വരെയുള്ള എട്ട് വിഭാഗങ്ങളിലായി 4185 സാങ്കേതിക വിഭാഗം ജീവനക്കാര്‍ എല്‍.എസ്.ജി.ഡിയിലുണ്ട്. എന്നാല്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ ഈ എട്ട് വിഭാഗത്തിലുമായി 3575 സാങ്കേതിക വിഭാഗം ജീവനക്കാരാണുള്ളത്.

പൊതുമരാമത്ത് വകുപ്പില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ മുതല്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് വരെയുള്ള 14 വിഭാഗത്തില്‍ 3818 ജീവനക്കാരുണ്ട്. എന്നാല്‍, എല്‍.എസ്.ജി.ഡിയില്‍ 916 പേര്‍ മാത്രവും.  പൊതുമരാമത്തില്‍ സാങ്കേതിക വിഭാഗത്തിന്‍െറ എണ്ണത്തെക്കാള്‍ അധികം മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഉള്ളപ്പോള്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കി കൂടുതല്‍ ഫണ്ട് ചെലവഴിക്കുന്ന എല്‍.എസ്.ജി.ഡിയില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ്, ഫിനാന്‍സ് ഓഫിസര്‍, സീനിയര്‍ സുപ്രണ്ട്, ഹെഡ് ക്ളര്‍ക്ക്, ഫെയര്‍കോപ്പി സൂപ്രണ്ട്, സെലക്ഷന്‍ ഗ്രേഡ് ടൈപിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് തസ്തികകളില്‍ ഒരാള്‍ പോലുമില്ല. പതിനഞ്ചിലധികം സബ്ഡിവിഷന്‍ ഓഫിസുകളില്‍ ക്ളര്‍ക്കുമാരുമില്ല. പൊതുമരാമത്തിന് സമാനമായ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.









 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.