നെടുമ്പാശ്ശേരി: ഏറ്റവും ഒടുവില്‍ ഹജ്ജ് യാത്രാ പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി തീര്‍ഥാടകര്‍ക്ക് ബാഗേജ് ഇനിയും എത്തിയില്ല. ഇത് തീര്‍ഥാടകരെ സമ്മര്‍ദത്തിലാക്കി. ബാഗേജ് സംബന്ധിച്ച തീര്‍ഥാടകരുടെ നിരന്തര അന്വേഷണമാണ് നടക്കുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇത്തവണ മുതല്‍ ഏകീകൃത ബാഗേജ് സംവിധാനം ഒരുക്കിയത്. വി.ഐ.പി കമ്പനിയുടെ പെട്ടിയാണ് നല്‍കുന്നത്.
കേരളം ഒഴിച്ച് മറ്റുള്ള സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും പിന്നീട് അതത് ഹജ്ജ് ക്യാമ്പുകളിലുമാണ് ബാഗേജ് വിതരണം ചെയ്തത്. എന്നാല്‍, കേരളത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ആദ്യ ഘട്ടത്തില്‍ ഇത് വിതരണം ചെയ്തു. പിന്നീട് ജില്ലാ കേന്ദ്രങ്ങളിലും വിതരണം ചെയ്തു. ഇനിയുള്ളവയും ജില്ലാ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടുന്നതും. എന്നാല്‍, ക്യാമ്പില്‍ എത്തിക്കാമെന്നാണ് വി.ഐ.പി കമ്പനി പറയുന്നത്. അതേസമയം, എല്ലാവര്‍ക്കുമുള്ള പെട്ടികള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ഹജ്ജ്: 10 പേര്‍ക്കുകൂടി അവസരം ലഭിച്ചേക്കും
ഹജ്ജ് അപേക്ഷകരില്‍ കാത്തിരിപ്പ് പട്ടികയില്‍നിന്ന് 10 പേര്‍ക്കുകൂടി പുണ്യഭൂമിയിലേക്ക് പുറപ്പെടാന്‍ അവസരം ലഭിച്ചേക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ച സൂചനയാണിത്. ഇതുസംബന്ധിച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വ്യക്തത ലഭിക്കും. ഇവരുടെ യാത്ര ഉറപ്പായാല്‍ കാത്തിരിപ്പുപട്ടികയില്‍നിന്ന് 47 പേര്‍ക്കുകൂടി പോകാനാകും. ഇവരെ നെടുമ്പാശ്ശേരിയില്‍ നിന്നുതന്നെ അയക്കാന്‍ തീവ്ര ശ്രമം നടന്നുവരുകയാണ്. മറ്റ് സംസ്ഥാനക്കാരുടെ പട്ടികയില്‍നിന്ന് യാത്ര റദ്ദാകുന്നവര്‍ക്ക് പകരമായാണ് ഇവര്‍ക്ക് അവസരം ലഭിക്കുന്നത്.
കഴിഞ്ഞ തവണ ഇപ്രകാരം 48 പേര്‍ പോയത് മുംബൈയില്‍നിന്നായിരുന്നു. ഇവിടെനിന്ന് പുറപ്പെടാന്‍ അവസരം ലഭിച്ചില്ളെങ്കില്‍ ഇവരും മുംബൈയില്‍നിന്ന് യാത്രതിരിക്കേണ്ടിവരും. അതൊഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയും എയര്‍ ഇന്ത്യയുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇതിന് ഒട്ടേറെ കടമ്പകള്‍ കടക്കണം. സാങ്കേതിക കുരുക്ക് അഴിക്കാനാണ് ഹജ്ജ് കമ്മിറ്റി ശ്രമിക്കുന്നത്.
ലക്ഷദ്വീപ്, മാഹി തീര്‍ഥാടകര്‍ മക്കയിലെത്തി
ഞായറാഴ്ച നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍നിന്ന് 340 പേര്‍ പുണ്യഭൂമിയിലത്തെി. ഉച്ചക്ക് 1.45ന് പുറപ്പെട്ട വിമാനത്തില്‍ 186 പുരുഷന്മാരും 154 സ്ത്രീകളുമാണ് മക്കയിലത്തെിയത്. ഇതില്‍ 294 പേര്‍ ലക്ഷദ്വീപില്‍നിന്നുള്ള ഹാജിമാരാണ്. ബാക്കി 39 പേര്‍ മാഹിയില്‍നിന്നുള്ളവരും ഏഴുപേര്‍ കേരളത്തില്‍നിന്നുള്ളവരുമാണ്. ലക്ഷദ്വീപ് ഗവ. പ്രസില്‍ ജോലി ചെയ്യുന്ന കെ.കെ. അബ്ദുല്‍ ഖാദറാണ് ഹാജിമാരോടൊപ്പം യാത്രയായ വളന്‍റിയര്‍.
ഹാജിമാരുടെ യാത്രയയപ്പ് ചടങ്ങില്‍ പ്രാര്‍ഥനക്ക് നൗഷാദ് ബാഖവി നേതൃത്വം നല്‍കി. ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസല്‍, ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ ഫൈസി, എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. അന്‍വര്‍, ആച്ചാട അഹമ്മദ്ഹാജി, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍, മൂസാ മൗലവി, കാട്ടാംപള്ളി മുഹമ്മദ് മൗലവി, ടി.പി.എം. ഇബ്രാഹിം ഖാന്‍ തുടങ്ങിയവര്‍ യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ചു.തിങ്കളാഴ്ച ഉച്ചക്ക് 1.45നുള്ള വിമാനത്തില്‍ 340 പേര്‍ യാത്ര തിരിക്കും. പി.പി. ഷാജഹാനാണ് ഇവരോടൊപ്പമുള്ള വളന്‍റിയര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.