കരിപ്പൂര്‍: ‘മരിച്ചതല്ല, കൊന്നതാണ്’ സാമൂഹിക മാധ്യമങ്ങളിലും ശക്തമായ പ്രതിഷേധം

കരിപ്പൂര്‍: റണ്‍വേ നവീകരണത്തിന്‍െറ മറവില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുന്നു. ഫേസ്ബുക്കില്‍ വിമാനത്താവളത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ‘സേവ് കാലിക്കറ്റ് എയര്‍പോര്‍ട്ട്’ എന്ന പേരില്‍ നിരവധി പേജുകളാണ് ആരംഭിച്ചിരിക്കുന്നത്.

വിമാനത്താവളത്തെ സംരക്ഷിക്കാത്ത രാഷ്ട്രീയ നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലുള്ളത്. മലബാറിലെ പ്രവാസികളുടെ ഭാഗത്തുനിന്നാണ് സോഷ്യല്‍ മീഡിയ വഴി ശക്തമായ ഇടപെടലുണ്ടാകുന്നത്. മരിച്ചതല്ല, കൊന്നതാണ്............ചിറക് രണ്ടും ഭംഗിയായി അരിഞ്ഞിട്ടു. രക്തം വാര്‍ക്കുന്ന ഈ അവസ്ഥ ഒന്നോ ഒന്നര വര്‍ഷമോ നീണ്ടു നില്‍ക്കും.

പിന്നെ കഴുത്തില്‍ കത്തിവെക്കേണ്ട ആവശ്യമേയുളളു, കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കുന്നത് എന്തിന്? ആര്‍ക്ക് വേണ്ടി? മാസങ്ങളായി വിദേശ സര്‍വിസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പ്രവാസി സമൂഹത്തെ ദ്രോഹിക്കുന്നതാര്‍ക്കു വേണ്ടി? അതോറിറ്റിയുടെ തെറ്റായ സമീപനം തിരുത്താന്‍ ജനപ്രതിനിധികള്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല? നിങ്ങളും സ്വകാര്യലോബിയുടെ ദല്ലാളുമാരോ? പ്രവാസികളുടെ എല്ലാമെല്ലാം ഊറ്റിയെടുത്ത് ഊരുചുറ്റുന്ന നേതാക്കള്‍...ഈ അവധിക്കാലത്ത് പ്രവാസികള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ സമ്മാനിച്ച അതോറിറ്റിയെ തിരുത്താന്‍ കഴിയാത്ത നിങ്ങള്‍ ജനസേവകരോ വഞ്ചകരോ തുടങ്ങിയ പ്രതിഷേധ പോസ്റ്റുകള്‍ പ്രചരിക്കുന്നവയില്‍ ചിലതാണ്. കോഴിക്കോട് നടക്കുന്ന സമരത്തിന് സാമൂഹിക മാധ്യമങ്ങള്‍ നിരവധി പേര്‍ ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നുണ്ട്. വാട്ട്സ് ആപ്പിലും  വ്യാപക പ്രചാരണമാണ് നടക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.