കരിപ്പൂര്‍ പ്രക്ഷോഭത്തിലേക്ക് പ്രവാസികളും

ദുബൈ: അറ്റകുറ്റപ്പണിയുടെ പേരില്‍ നാലുമാസമായി ഭാഗികമായി അടച്ചിട്ട കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും ഇല്ലാതാക്കാനുള്ള തല്‍പരകക്ഷികളുടെ നീക്കത്തിനെതിരെ കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സും മലബാര്‍ ഡെവലപ്മെന്‍റ് ഫോറവും സംയുക്തമായി കോഴിക്കോട്ട് നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തിന് പിന്തുണയുമായി പ്രവാസിസംഘടനകള്‍ രംഗത്ത്.

കഴിഞ്ഞദിവസം ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ മലബാര്‍ മേഖലയില്‍നിന്നുള്ള നൂറോളം സംഘടനാനേതാക്കള്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ 15നകം കരിപ്പൂരിലെ റണ്‍വേ നിര്‍മാണജോലി ആരംഭിക്കാനുള്ള അനുമതിപത്രം ലഭിച്ചില്ളെങ്കില്‍, നിരാഹാരത്തിലേക്കും പൊതുബന്ദിലേക്കും സമരശൈലി മാറ്റാനുള്ള സമരസമിതി തീരുമാനം യോഗം സ്വാഗതം ചെയ്തു.

കൂടാതെ, സമരത്തില്‍ പങ്കെടുക്കാന്‍ ഉടന്‍തന്നെ ദുബൈയില്‍നിന്ന് നൂറോളം പേരുമായി പ്രത്യേക വിമാനം കോഴിക്കോട്ടേക്ക് വരും. സമരപ്പന്തലിലേക്ക് പോകാനും പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളെയും സമരവുമായി അനുഭാവം പുലര്‍ത്തുന്നവരെയും പരമാവധി അവിടെയത്തെിക്കാനും തീരുമാനിച്ചു. റഫീക്ക് എരോത്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ഉദ്്ഘാടനം ചെയ്തു. അഡ്വ. പി.എസ്. സുരേഷ് ബാബു, പാറക്കല്‍ അബ്ദുല്ല എന്നിവര്‍ അതിഥികളായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.