40 ശതമാനം വനം സ്വകാര്യമേഖലക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ 40 ശതമാനം വനത്തിന്‍െറ പരിപാലനം സ്വകാര്യമേഖലക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കി. ഇതുസംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ചു. താല്‍പര്യമുള്ള സംസ്ഥാനങ്ങള്‍ക്ക് 5000-10,000 ഹെക്ടറില്‍ അധികമില്ലാത്ത വനമേഖലകളില്‍ പൈലറ്റ് പദ്ധതി ആരംഭിക്കാമെന്നാണ് നിര്‍ദേശം. വനങ്ങള്‍ നന്നായി സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാശോന്മുഖമായ വനമേഖലകളുടെ വനവത്കരണവും തടിശേഖരണവുമുള്‍പ്പെടെ ജോലികള്‍ സ്വകാര്യമേഖലക്ക് പാട്ടത്തിന് നല്‍കുകയാണെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
 നിലവിലുള്ള സാമൂഹിക വനവത്കരണ പദ്ധതികള്‍ ഉദ്ദേശിച്ച ലക്ഷ്യം നേടാതിരിക്കുകയും ആവശ്യത്തിന് നിക്ഷേപവും വിഭവശേഷിയും ഇല്ലാത്തത് വനമേഖലയുടെ നിലവാര സംരക്ഷണത്തിന് വിലങ്ങുതടിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതുവഴികള്‍ തേടുന്നതെന്നും മാര്‍ഗരേഖ പറയുന്നു. ഇതിനായി സ്വകാര്യ പങ്കാളിത്തത്തിന് മന്ത്രാലയം ചട്ട ഭേദഗതിയും വരുത്തും. രാജ്യത്തെ 6.9 കോടി ഹെക്ടര്‍ വനമേഖലയില്‍ 40 ശതമാനവും അപചയം നേരിട്ട വനങ്ങളാണ്. ഇവയുടെ പരിപാലനം ഇങ്ങനെ ഉറപ്പാക്കാനാവുമെന്നാണ് സര്‍ക്കാറിന്‍െറ വിലയിരുത്തല്‍.
പക്ഷേ, ഇതിനെതിരെ പരിസ്ഥിതിവിദഗ്ധര്‍ രംഗത്തത്തെിയിട്ടുണ്ട്. ഓരോ വര്‍ഷവും വന വിസ്തൃതി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അവശേഷിക്കുന്ന വനത്തിനുകൂടി മരണമണി മുഴക്കുമെന്ന് പരിസ്ഥിതിവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.വ്യവസായികള്‍ നടത്തുന്ന വനവത്കരണം വനത്തിന്‍െറ വൈവിധ്യം നഷ്ടപ്പെടുന്നതിനിടയാക്കും.
എറ്റവും നാശോന്മുഖമായ വനത്തില്‍പോലും ചതുരശ്ര ഹെക്ടറില്‍ 100-150 ഇനങ്ങളുണ്ടായിരിക്കെ ഒരേ ഇനത്തില്‍പെടുന്നവ 10-15 ശതമാനത്തില്‍ അധികമാകരുതെന്ന നിര്‍ദേശം വൈവിധ്യനാശത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. വനവിഭവങ്ങള്‍ ശേഖരിച്ച് ജീവിക്കുന്ന വനവാസികളെയും പുതിയ നീക്കം വഴിയാധാരമാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ വനമേഖല 6,97,898 ചതുരശ്ര കിലോമീറ്റര്‍
ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ 2013ല്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഇന്ത്യയിലെ മൊത്തം വനമേഖല 697,898 ചതുരശ്ര കിലോമീറ്ററാണ്. രാജ്യത്തിന്‍െറ മൊത്തം ഭൂവിസ്തൃതിയുടെ 21.23 ശതമാനമാണിത്. 2011നെ അപേക്ഷിച്ച് വനമേഖലയില്‍ 5,817 ചതുരശ്ര കിലോമീറ്ററിന്‍െറ വര്‍ധനയുണ്ടായി. കേരളത്തിലെ വനമേഖല 11,309 ചതുരശ്ര കിലോമീറ്ററാണ്. കേരളത്തിന്‍െറ ആകെ ഭൂവിസ്തൃതിയുടെ 29.10 ശതമാനമാണിത്. കേരളത്തില്‍ 622 ചതുരശ്ര കിലോമീറ്ററിന്‍െറ വര്‍ധനവുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.