തൃശൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എം തുറന്ന് കാല്‍ക്കോടിയിലധികം രൂപ കവര്‍ന്നവരെ അറസ്റ്റ് ചെയ്തു. എ.ടി.എമ്മില്‍ പണം നിക്ഷേപിക്കാന്‍ കരാറെടുത്ത മുംബൈ ആസ്ഥാനമായ ‘ബ്രിങ്ക്സ് ഇന്ത്യ’ കമ്പനി ജീവനക്കാരന്‍ ചേര്‍പ്പ് നെന്മണിക്കര സ്വദേശി മത്തേലത്ത് വീട്ടില്‍ നിഖില്‍രാജ് (23),സുഹൃത്ത് ഊരകം കിസാന്‍ കോര്‍ണറില്‍ വിളങ്ങോട്ട് പറമ്പ് വീട്ടില്‍ രാഹുല്‍ (24), രാഹുലിന്‍െറ സുഹൃത്തുക്കളായ ചേര്‍പ്പ് ചേനം ഇളയവരമ്പത്ത് വീട്ടില്‍ അജയകുമാര്‍ (24), ചേര്‍പ്പ് പള്ളിക്ക് സമീപം ഇഞ്ചോട്ടിക്കാരന്‍ മേജോ (24), ഊരകം കിസാന്‍ കോര്‍ണറില്‍ വാരിയത്ത് പറമ്പില്‍ സജിത്ത് (ആശാന്‍ -30), വെങ്ങിണിശേരി പാലക്കല്‍ ശങ്കരമംഗലം കരിയില്‍ വീട്ടില്‍ ബിനോജ് (30), വെങ്ങിണിശേരി ഗ്രീന്‍പാര്‍ക്ക് കല്ലഴി വീട്ടില്‍ സുര്‍ജിത്ത് (കിരണ്‍ -31) എന്നിവരാണ് അറസ്റ്റിലായത്.
മോഷ്ടിച്ച തുകയില്‍ 16 ലക്ഷത്തോളം കണ്ടെടുത്തു. ഒരാളെ കൂടി കിട്ടാനുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണ്‍ അറിയിച്ചു.ം അസി. കമീഷണര്‍ ശിവ വിക്രമിന്‍െറ മേല്‍നോട്ടത്തില്‍ ഈസ്റ്റ് സി.ഐ സജീവന്‍െറയും എസ്.ഐ പി. ലാല്‍കുമാറിന്‍െറയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാക്കിയതിനാല്‍ എ.ടി.എമ്മിലെ കാമറ ഹ്രസ്വ സമയം മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് പരിശോധനയില്‍ പൊലീസിന് വ്യക്തമായി. എ.ടി.എമ്മില്‍ പണം നിറക്കുന്നവരെ കേന്ദ്രീകരിച്ചാണ് പൊലീസ് തുടക്കം മുതല്‍ അന്വേഷിച്ചത്. കാമറയില്‍ പതിഞ്ഞ പത്ത് സെക്കന്‍ഡോളം നീളുന്ന നിശ്ചലദൃശ്യത്തില്‍ കണ്ട ഹെല്‍മെറ്റ് ധരിച്ചയാളുടെ ചിത്രവുമായുള്ള സാമ്യമാണ് അന്വേഷണം നിഖിലിലേക്ക് എത്തിച്ചതെന്ന് കമീഷണര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ സംശയത്തിനിടയില്ലാത്ത വിധമായിരുന്നു പ്രതികളുടെ മറുപടി. പിന്നീട് ശാസ്ത്രീയ രീതികളിലൂടെ സംശയനിവാരണം വരുത്തി.
പരാതി കിട്ടി രണ്ടാം നാളില്‍ തന്നെ കസ്റ്റഡിയിലായ നിഖില്‍രാജ് വെള്ളിയാഴ്ച കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. നിഖിലിന്‍െറ സുഹൃത്തും സഹപാഠിയുമായ ഊരകത്തുള്ള രാഹുല്‍ ചൊവ്വൂരിലെ ശരത്, അജയ്, മേജോ, സജിത്ത് എന്നിവര്‍ ചേര്‍ന്ന് തായംകുളങ്ങര ക്ഷേത്ര മൈതാനത്തിരുന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. നിഖിലിനെ ചോദ്യം ചെയ്ത ശേഷം അജയ്, മേജോ, സജിത്ത് എന്നിവരെ തായംകുളങ്ങരയില്‍ നിന്ന് പിടികൂടി. തായംകുളങ്ങരയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സുര്‍ജിത്തും ബിനോജുമാണ് കവര്‍ന്ന പണം സൂക്ഷിച്ചത്. എ.ടി.എമ്മില്‍ പണം നിറക്കാന്‍ നിയോഗിക്കപ്പെടുന്നത് രണ്ട് ജീവനക്കാരാണ്. രണ്ട് പേര്‍ക്കും പരസ്പരം അറിയാത്ത കോമ്പിനേഷന്‍ പാസ്വേഡ് എന്‍റര്‍ ചെയ്താലേ എ.ടി.എം തുറക്കാനാവൂ. നേരത്തെ നിഖില്‍രാജ് തനിച്ച് പോയ നാളില്‍ പൂര്‍ണമായ പാസ്വേഡ് കമ്പനി നല്‍കിയിരുന്നു.
അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ പി. ശങ്കരന്‍കുട്ടി, കെ.ജെ. ചാക്കോ, സതീശ് പുതുശേരി, ടി.ആര്‍. ഗ്ളാഡ്സ്റ്റണ്‍, സീനിയര്‍ സി.പി.ഒമാരായ അനില്‍കുമാര്‍, വി.കെ. ജോഷി, കെ. ജയന്‍, പി.വി. ഷാജിമോന്‍, സി.പി.ഒമാരായ സനീഷ്, എ.കെ. സിബു, ടി.ബി. അലന്‍, കെ.ജെ. ബിനോയ്, കെ. രാജേന്ദ്രന്‍, അനുദാസ്, കെ.ആര്‍. പ്രശോഭ് എന്നിവരുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.