അധ്യാപക പാക്കേജ്: അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സ്കൂളുകളില്‍ അധികമുള്ള അധ്യാപകരുടെ ജോലിസംരക്ഷണവും പുനര്‍വിന്യാസവും ലക്ഷ്യമിട്ട് നടപ്പാക്കാന്‍ തീരുമാനിച്ച അധ്യാപക പാക്കേജ് ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പാക്കേജുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റുകളുമായി ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടോടെയാണ് സ്റ്റേ നീക്കാന്‍ അപ്പീല്‍ നല്‍കാന്‍  മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. സെപ്റ്റംബര്‍ 29ന്  അപ്പീല്‍ ഹൈകോടതിയില്‍ സമര്‍പ്പിക്കും.
നേരത്തെ വിവിധ കോര്‍പറേറ്റ് മാനേജ്മെന്‍റ് ഭാരവാഹികളുമായും എയ്ഡഡ് സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷനുമായും മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയത്തെുടര്‍ന്നാണ് പാക്കേജിന് രൂപം നല്‍കി ഉത്തരവിറക്കിയത്. ആഗസ്റ്റ് ആറിന് ഇറക്കിയ ഉത്തരവിനെതിരെ ഏതാനും സ്കൂള്‍ മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചാണ് സ്റ്റേ സമ്പാദിച്ചത്.
ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ സ്കൂളുകളില്‍ തസ്തിക നിര്‍ണയ നടപടികള്‍ ആരംഭിച്ചതിനിടെയായിരുന്നു സ്റ്റേ. ഇതോടെ നടപടികള്‍ ഒന്നടങ്കം തടസ്സപ്പെടുകയായിരുന്നു.
2010-11 അധ്യയന വര്‍ഷത്തിനുശേഷം എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരായി ചേര്‍ന്ന ആയിരക്കണക്കിന് അധ്യാപകര്‍ക്കാണ് നിയമനാംഗീകാരം ലഭിക്കാനുള്ളത്. ഇവര്‍ ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി യോഗ്യതയുള്ളവര്‍ക്കെല്ലാം നിയമനാംഗീകാരം ലഭിക്കാനും വഴിയൊരുങ്ങിയിരുന്നു. സ്റ്റേ വന്നതോടെ ഈ അധ്യാപകരുടെ കാര്യം വീണ്ടും അനിശ്ചിതത്വത്തിലായിരുന്നു.
സര്‍ക്കാര്‍ ചര്‍ച്ച നടത്തി ധാരണയിലത്തെിയതനുസരിച്ച് ഏപ്രില്‍ 12ന് പാക്കേജ് സംബന്ധിച്ച് വിശദമായ ഉത്തരവ് ഇറങ്ങിയിരുന്നു.  ഇതിനെതിരെ മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിക്കുകയും ഉത്തരവുകള്‍ റദ്ദ് ചെയ്യിക്കുകയുമായിരുന്നു.
ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ട് മാനേജ്മെന്‍റ് പ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടത്തിയതും ധാരണയുണ്ടാക്കി പുതിയ ഉത്തരവിറക്കിയതും. ഇതിനെതിരെ ചുരുക്കം മാനേജ്മെന്‍റുകളാണ് കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചത്.
എന്നാല്‍  വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെ മാനേജ്മെന്‍റുകള്‍  തോന്നുംപടി നിയമനം നല്‍കിയവര്‍ക്കെല്ലാം നിയമനാംഗീകാരം എന്ന ആവശ്യത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നും സ്റ്റേ നീക്കി ഉത്തരവ് നടപ്പാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.
ഉന്നതതല യോഗത്തില്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ജലീല്‍, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.