പിണറായിയുടെ സമ്മേളനം അലങ്കോലപ്പെടുത്താന്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകരുടെ ശ്രമം

കോട്ടയം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത സമ്മേളനം അലങ്കോലപ്പെടുത്താന്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകരുടെ ശ്രമം. ടി.കെ. രാമകൃഷ്ണന്‍ സ്മാരക പഠനഗവേഷണ കേന്ദ്രം കോട്ടയം തിരുനക്കര മൈതാനത്ത് സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍ പ്രസംഗിക്കുമ്പോഴാണ് നൂറുകണക്കിന് എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ മൈതാനത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്.
ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു എസ്.എന്‍.ഡി.പിക്കാര്‍ പ്രകടനമായി നഗരത്തിലത്തെിയത്. സ്റ്റാര്‍ ജങ്ഷനിലെ എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസിന് മുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം എം.സി റോഡിലൂടെ തിരുനക്കര മൈതാനം ലക്ഷ്യമിട്ടാണ് ആദ്യം നീങ്ങിയത്. ഗാന്ധിപ്രതിമക്ക് മുന്നിലത്തെിയശേഷം പ്രകടനം വഴിതിരിച്ചുവിടാന്‍  പൊലീസ് ശ്രമിച്ചെങ്കിലും കെ.കെ റോഡിലൂടെ വീണ്ടും തിരുനക്കര മൈതാനത്ത് എത്തി സമ്മേളനസ്ഥലത്തേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, പൊലീസിന്‍െറ ഇടപെടല്‍ പ്രതിഷേധക്കാരുടെ നീക്കത്തിന് തടയിട്ടു. തുടര്‍ന്ന്  ചിലര്‍ കമ്പും കല്ലും ചെരിപ്പുകളുമെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. മൈതാനത്തേക്ക് ആര്‍ക്കും കടക്കാനാവാത്തവിധം വാഹനങ്ങള്‍കൊണ്ട് പ്രതിരോധം തീര്‍ത്തതിനാല്‍ പ്രതിഷേധക്കാര്‍ നിരാശയോടെ മടങ്ങി. മൈതാനത്തിന് ചുറ്റും ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയതും സംഘര്‍ഷസാധ്യത ഇല്ലാതാക്കി.
പിണറായി വിജയന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. വി.എസിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. രണ്ടു മണിക്കൂറോളം നഗരത്തില്‍ ഗതാഗതവും തടസ്സപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.