ഗ്രൂപ്പുപ്രവര്‍ത്തനത്തിന് മൊറട്ടോറിയം വേണം, ഇല്ലെങ്കില്‍ നടപടി -സുധീരന്‍

തിരുവനന്തപുരം: ഗ്രൂപ്പുപ്രവര്‍ത്തനത്തിനെതിരെ കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ കര്‍ശന മുന്നറിയിപ്പ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കണം.  ഒൗദ്യോഗിക പദവിയിലുള്ളവര്‍ ഗ്രൂപ് യോഗങ്ങളില്‍ സംബന്ധിച്ചാല്‍ നടപടി നേരിടേണ്ടിവരും. തിങ്കളാഴ്ച രാത്രി നടന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലും ചൊവ്വാഴ്ച ചേര്‍ന്ന വിശാല നിര്‍വാഹകസമിതിയിലുമാണ് ഗ്രൂപ്പിസത്തിനെതിരെ  കര്‍ശന നിലപാട് സുധീരനില്‍നിന്നുണ്ടായത്. ഡി.സി.സി തലംവരെയുള്ള പാര്‍ട്ടി പുന$സംഘടന നിര്‍ത്തിവെക്കണമെന്ന ആവശ്യമാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ഗ്രൂപ് പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അക്കാര്യം എ.ഐ.സി.സിയെ അറിയിച്ച് അവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് വിശാല നിര്‍വാഹകസമിതിയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും സുധീരന്‍ അറിയിച്ചു. പാര്‍ട്ടി താല്‍പര്യമാണ് പ്രധാനം. വിഭാഗീയതയുടെ പേരില്‍ സി.പി.എമ്മിനുണ്ടായ അപചയം കോണ്‍ഗ്രസിനും മുന്നറിയിപ്പാണ്. പാര്‍ട്ടി വക്താക്കളില്‍ ചിലര്‍ ചിലപ്പോള്‍  വഴിവിടുന്നുവെന്ന ആക്ഷേപവുമുണ്ട്.  വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ വിശദീകരണം ചോദിക്കാതെ അവരെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ് അതിപ്രസരം പാടില്ളെന്ന്  നേതൃയോഗങ്ങളില്‍  പറഞ്ഞ സുധീരന്‍, ഒരുമിച്ച് നിന്നാല്‍ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ജയിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി. ഗ്രൂപ് മാനേജര്‍മാരുടെ നിയന്ത്രണം ഗുണകരമല്ല. പരസ്യമായ ഗ്രൂപ് യോഗങ്ങള്‍ അനുവദിക്കാനുമാവില്ല.പുന$സംഘടന പലതവണ മാറ്റിവെച്ചതാണ്. അതു നടന്നേ മതിയാകൂ. കോട്ടയം ഒഴികെയുള്ള ഡി.സി.സി പ്രസിഡന്‍റുമാര്‍ പുന$സംഘടന മാറ്റിവെക്കണമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈ നിലപാടുമാറ്റത്തിന്‍െറ കാരണം തനിക്ക് അറിയാം. ഗ്രൂപ് മാനേജര്‍മാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുന$സംഘടന നടത്താന്‍ കഴിയുന്നില്ളെങ്കില്‍ ഡി.സി.സി പ്രസിഡന്‍റുമാരുടെ ആവശ്യം ഹൈകമാന്‍ഡിനെ അറിയിക്കും. അവിടെനിന്ന് അനുമതി ലഭിച്ചാല്‍ ദിവസങ്ങള്‍ക്കകം ജില്ലാതല പുന$സംഘടനാ സമിതികള്‍ പിരിച്ചുവിടുകയുംചെയ്യും.  എന്തായാലും പുന$സംഘടന നടക്കാത്തതിന്‍െറ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കില്ല.

അരുവിക്കരയില്‍  തന്‍െറ തീരുമാനപ്രകാരമാണ് ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കിയത്. അതിനെതിരെ ഒരു ഗ്രൂപ് നേതാവ് തന്‍െറയടുത്ത് പൊട്ടിത്തെറിച്ചു. ശബരീനാഥന്‍ വിജയിച്ചപ്പോള്‍ എല്ലാവരും അതിന്‍െറ  അവകാശം ഏറ്റെടുക്കാന്‍ എത്തി. അദ്ദേഹം പരാജയപ്പെട്ടിരുന്നെങ്കില്‍ എല്ലാവരുംകൂടി തനിക്കെതിരെ തിരിയുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ മാനദണ്ഡം വിജയസാധ്യത മാത്രമായിരിക്കും. ഗ്രൂപ് പരിഗണന ഇക്കാര്യത്തില്‍ ഉണ്ടാവില്ല -അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.