വടക്കുന്നാഥ ക്ഷേത്രത്തിന് യുനെസ്കോ പൈതൃക സംരക്ഷണ പുരസ്കാരം

തൃശൂര്‍: പൈതൃക സംരക്ഷണ മികവിനുള്ള യുനെസ്കോയുടെ ‘അവാര്‍ഡ് ഓഫ് എക്സലന്‍സി’ന് തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രം അര്‍ഹമായി. കേരളത്തിന് ആദ്യമായാണ് ഐക്യരാഷ്ട്ര സഭ വിദ്യാഭ്യാസ -ശാസ്ത്ര -സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) ഈ പുരസ്കാരം ലഭിക്കുന്നത്. ലോകത്തെ 12 കേന്ദ്രങ്ങള്‍ക്ക് പൈതൃക സംരക്ഷണ പുരസ്കാരം പ്രഖ്യാപിച്ചതില്‍ ഇന്ത്യയില്‍നിന്ന് ഇടംപിടിച്ച് മൂന്നെണ്ണത്തില്‍ ഒന്നാണ് വടക്കുന്നാഥ ക്ഷേത്രം.
പൈതൃകം സംരക്ഷിച്ച് ക്ഷേത്രത്തില്‍ നടക്കുന്ന നവീകരണങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 12 വര്‍ഷമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിന് മുമ്പും ശേഷവും എടുത്ത ചിത്രങ്ങള്‍ കഴിഞ്ഞ പൂരക്കാലത്ത് ബന്ധപ്പെട്ടവര്‍ യുനെസ്കോ സമിതിക്ക് അയച്ചിരുന്നു. പുരാവസ്തു വകുപ്പും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും മറ്റുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ദര്‍ശനത്തിനു തന്നെ സവിശേഷ രീതിയുള്ള വടക്കുന്നാഥ ക്ഷേത്രത്തിലെ ഗോപുരങ്ങളും മണ്ഡപങ്ങളും ചുമര്‍ ചിത്രങ്ങളും മറ്റും തനിമ നിലനിര്‍ത്തി പുതുക്കിപ്പണിതിരുന്നു. സിമന്‍റിന് പകരം പഴയ രീതിയില്‍ കുമ്മായക്കൂട്ടാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. മുമ്പ് രാജസ്ഥാനിലെ നാഗൂറിലുള്ള അഭിഛത്രഗഡ് കോട്ട, മുംബൈ ഭാവുതാജി മ്യൂസിയം, ലഡാക്കിലെ മൈത്രേയ ക്ഷേത്രം, ലേയിലെ സുംഡു ചുന്‍ ഗോപ എന്നിവയാണ് ഇന്ത്യയില്‍നിന്ന് ഈ ബഹുമതിക്ക് അര്‍ഹമായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.