പത്തനംതിട്ട കലക്ടര്‍ ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന് പരാതി

പത്തനംതിട്ട: ദേശീയഗാനത്തോട് പത്തനംതിട്ട കലക്ടര്‍ എസ്. ഹരികിഷോര്‍ അനാദരവ് കാട്ടിയതായി ആറന്മുള പൈതൃക ഗ്രാമ കര്‍മ സമിതി. ആഗസ്റ്റ് 31ന് നടന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ട്രോഫി വിതരണത്തിനുശേഷം ദേശീയഗാനം ആലപിച്ചപ്പോള്‍ കലക്ടര്‍ അനാദരവ് കാട്ടിയെന്നാണ് സമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്‍. ഷാജി ചീഫ് സെക്രട്ടറിക്കും ജില്ലാ പൊലീസ് ചീഫിനും നല്‍കിയ പരാതിയില്‍ പറയുന്നത്.
 ദേശീയഗാനത്തിനിടെ കലക്ടര്‍ വേദി വിട്ടിറങ്ങി ആറന്മുള സത്രം ഗ്രൗണ്ടില്‍ കിടന്ന അദ്ദേഹത്തിന്‍െറ കാറില്‍ കയറി പോയി. ഈ സമയം സത്രം ഗ്രൗണ്ടിലെ നൂറുകണക്കിന് ആളുകളും പൊലീസ് ഉദ്യോഗസ്ഥരും ദേശീയഗാനാലാപനത്തില്‍ പങ്കെടുക്കുകയായിരുന്നു. കലക്ടര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഒൗദ്യോഗിക വാഹനത്തില്‍ കയറി പുറത്തുപോയത് ദേശീയ ഗാനത്തോടുള്ള അനാദരവാണ്.
വള്ളംകളിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രോഗ്രാം നോട്ടീസില്‍ ദേശീയഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലക്ടറുടെ നടപടിക്ക് പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സാക്ഷിയാണ്. അതിനാല്‍ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.