കോട്ടയം: സംസ്ഥാനത്തിന്‍െറ തീരാശാപമായ മാലിന്യം പണമായി മാറിത്തുടങ്ങിയതോടെ ഖജനാവിലേക്ക് എത്തുന്നത് ലക്ഷങ്ങള്‍. മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സിയാല്‍ മാതൃകയില്‍ രൂപം നല്‍കിയ ക്ളീന്‍ കേരള കമ്പനിയാണ് വലിച്ചെറിഞ്ഞിരുന്ന മാലിന്യം പണമാക്കി മാറ്റുന്നത്.
പൊതുജനങ്ങളില്‍നിന്ന് പണം നല്‍കി പ്ളാസ്റ്റിക്കും ഇ-മാലിന്യവും ശേഖരിച്ച് വിറ്റഴിക്കുന്ന പദ്ധതി തുടങ്ങി മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ക്ളീന്‍ കേരള കമ്പനിയുടെ വരുമാനം 25 ലക്ഷം കവിഞ്ഞു. വിപ്ളവകരമായ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ കോടികളാണ് കമ്പനി ലക്ഷ്യമിടുന്നത്.
തുടക്കത്തില്‍ 129 ടണ്‍ ഇ-മാലിന്യവും 180 ടണ്‍ പ്ളാസ്റ്റിക്കുമാണ് കമ്പനി ശേഖരിച്ച് വിറ്റഴിച്ചത്. സംസ്ഥാനത്തെ സര്‍ക്കാര്‍-പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ഇ-മാലിന്യം കിലോ അഞ്ചു രൂപ നിരക്കിലാണ് ക്ളീന്‍ കേരള കമ്പനി വാങ്ങിയത്.
വൃത്തിയാക്കിയ പ്ളാസ്റ്റിക് കൂട് അടക്കമുള്ളവക്ക് കിലോ രണ്ടു രൂപയും നല്‍കും. ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്ന ഹൈദരാബാദ്, ഈറോഡ് എന്നിവിടങ്ങളിലെ കമ്പനികള്‍ക്ക് കൈമാറുകയാണ്. കിലോക്ക് 22 രൂപവീതം നല്‍കി ക്ളീന്‍കേരള കമ്പനിയില്‍നിന്ന് ഇ-മാലിന്യം ഹൈദരാബാദ് ആസ്ഥാനമായ എര്‍ത്ത് സെന്‍സ് റീസൈക്ക്ള്‍ പ്രൈവറ്റ് ലിമിറ്റഡാണ് വാങ്ങുന്നത്. ഈറോഡിലെ നെപ്റ്റ്യൂണ്‍ ഓട്ടോമിഷനെന്ന കമ്പനിക്ക് കിലോക്ക് അഞ്ചു രൂപ നിരക്കിലാണ് പ്ളാസ്റ്റിക് നല്‍കുന്നത്.
കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഇ-മാലിന്യം നല്‍കിയവരില്‍ കളമശേരി കുസാറ്റാണ് മുന്നില്‍. കേരള സര്‍വകലാശാലയില്‍നിന്ന് 20 ടണ്ണും ശേഖരിച്ചു.
വലിയ സ്ഥാപനങ്ങളില്‍നിന്ന് എര്‍ത്ത് സെന്‍സ് കമ്പനി അധികൃതര്‍ നേരിട്ടത്തെി മാലിന്യം ശേഖരിക്കും. മറ്റ് സ്ഥലങ്ങളിലേത് ക്ളീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ പ്രത്യേക കേന്ദ്രങ്ങളില്‍ സംഭരിച്ച് നല്‍കും. സി.എഫ്.എല്‍ ഉള്‍പ്പെടെയുള്ള ബള്‍ബുകള്‍, സീഡി തുടങ്ങിയവയും ഇ-മാലിന്യത്തിനൊപ്പം കമ്പനി ശേഖരിക്കും. ഇതിന് പണം നല്‍കില്ല. നേരത്തേ ഇത്തരം മാലിന്യം കെ.എസ്.ഇ.ബി അടക്കമുള്ളവ പണം നല്‍കിയാണ് നശിപ്പിക്കാന്‍ കരാര്‍ നല്‍കിയിരുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്ന് സ്വീകരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം അതത് ജില്ലാ ആസ്ഥാനങ്ങളില്‍ ശേഖരിച്ച് ക്ളീന്‍ കേരള കമ്പനി അധികൃതര്‍ ഈറോഡിലേക്ക് എത്തിക്കുകയാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍നിന്നാണ് ഏറ്റവുമധികം പ്ളാസ്റ്റിക് മാലിന്യം ശേഖരിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതോടെ സാമ്പത്തികമായി വന്‍നേട്ടമാകുമെന്നാണ് കണക്കുകൂട്ടല്‍.
അടുത്തഘട്ടമായി സംസ്ഥാന വ്യാപകമായി പണം നല്‍കി വൃത്തിയാക്കിയ പ്ളാസ്റ്റിക്കും ഇ-മാലിന്യവും ശേഖരിക്കുന്ന കേന്ദ്രങ്ങള്‍ക്ക് തുടക്കമിടും. കേരളം അഭിമുഖീകരിക്കുന്ന രൂക്ഷമായ മാലിന്യപ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് നഗരകാര്യവകുപ്പിന് കീഴില്‍ കബീര്‍ ഹാറൂണിനെ മാനേജിങ് ഡയറക്ടറാക്കി കമ്പനി രൂപവത്കരിച്ചത്. മാലിന്യസംസ്കരണത്തിനായി മറ്റ് വിവിധ പദ്ധതികളും കമ്പനി ആവിഷ്കരിച്ച് വരികയാണ്. നേരത്തേ വൈദ്യുതി പോസ്റ്റുകളില്‍ പണം വാങ്ങി പരസ്യം സ്ഥാപിക്കാനുള്ള പദ്ധതിക്കും ഇവര്‍ രൂപം നല്‍കിയിരുന്നു. 8.60 കോടിക്ക് ഇതിനുള്ള ആദ്യ കരാര്‍ കമ്പനി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.