പൊലീസിനെ ഭയന്ന് ഓടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു


കുറ്റിപ്പുറം: രാത്രി സ്കൂള്‍ പറമ്പിലിരിക്കെ പൊലീസ് വരുന്നതറിഞ്ഞ് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തവനൂര്‍ കൂരട നായടികുന്നത്ത് ഗോപാലന്‍െറ മകന്‍ സുരേന്ദ്രന്‍ എന്ന സുന്ദരനാണ് (28) മരിച്ചത്. കഴിഞ്ഞ ദിവസം പേരശനൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷം അന്വേഷിക്കാന്‍ പൊലീസത്തെിയിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ പേരശനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പിലിരിക്കുകയായിരുന്ന സംഘമാണ് പൊലീസ് വരുന്നതറിഞ്ഞ് ചിതറിയോടിയത്. സുന്ദരന്‍ സ്കൂള്‍ വളപ്പിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കിണറ്റില്‍ വീഴുകയായിരുന്നു.
ബുധനാഴ്ച രാവിലെയായിട്ടും സുന്ദരനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ യുവാവ് ധരിച്ച ചെരുപ്പ് കണ്ടത്തെിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ വസ്ത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് കുറ്റിപ്പുറം പൊലീസിനെ വിവരം അറിയിച്ചതനുസരിച്ചത്തെിയ തിരൂര്‍ ഫയര്‍ ഫോഴ്സ് യൂനിറ്റും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കുറ്റിപ്പുറം എസ്.ഐ ജോസ് കുര്യന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: കമല. സഹോദരിമാര്‍: ബേബി, രാധാമണി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.