കരിപ്പൂരിനെ തകര്‍ക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ശ്രമിക്കുന്നു -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിതന്നെ ശ്രമിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പ്രസ്താവനയില്‍ ആരോപിച്ചു. ഇതിനു തെളിവാണ് എ330 എയര്‍ക്രാഫ്റ്റ് വിഭാഗത്തിലെ ചെറിയ ഇനം വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരിലേക്ക് സര്‍വിസിന് തയാറാണെന്നും അനുമതി നല്‍കണമെന്നുമുള്ള എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേസ്, സൗദി എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികളുടെ ആവശ്യം അതോറിറ്റി പരിഗണിക്കാത്തത്. റണ്‍വേ നവീകരണം നടക്കുന്ന സന്ദര്‍ഭത്തില്‍ സുരക്ഷിതമായി വിമാനങ്ങള്‍ ഇറക്കാമെന്ന് എമിറേറ്റ്സിന്‍െറ വിദഗ്ധ സംഘം പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്. മലബാറിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഉപകാരപ്രദമായ ഈ നിര്‍ദേശമാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. സ്വകാര്യ നിക്ഷേപമുള്ള നെടുമ്പാശ്ശേരിയുടെയും വരാന്‍പോകുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിന്‍െറയും ലാഭം വര്‍ധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ-രാഷ്ട്രീയ തലത്തില്‍ നടക്കുന്ന ഗൂഢനീക്കമാണ് കരിപ്പൂരിന്‍െറ തകര്‍ച്ചക്കു പിന്നില്‍.
പ്രവാസികളോട് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.