ഹിമാലയസാനുവില്‍ നിന്നൊരു വിളി; ‘ഞങ്ങള്‍ക്കിവിടെ സുഖമാണ്’

തൃശൂര്‍: ‘എട്ടൊമ്പത് ദിവസം ഹിമാലയത്തിന് മുകളിലായിരുന്നു. ഇന്നലെ ഹരിദ്വാറിലത്തെി. കൊടുംതണുപ്പുണ്ട്. എന്നാലും ഞങ്ങള്‍ 107 പേര്‍ക്കും ഇവിടെ സുഖമാണ്’... അങ്ങ് ദൂരെ ഹിമവല്‍സാനുവില്‍നിന്ന് പി. ചിത്രന്‍ നമ്പൂതിരിപ്പാടിന്‍െറ വിളി. ഈമാസം നാലിന് തുടര്‍ച്ചയായി 25ാം വര്‍ഷത്തെ ഹിമാലയ യാത്രക്ക് പോയ ഈ 95കാരന്‍ യാത്രയുടെ വിവരങ്ങള്‍ പറയാന്‍ വിളിച്ചതായിരുന്നു. കേരളത്തില്‍നിന്നുള്ള യാത്രാസംഘത്തെ നയിക്കുന്ന, മുന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറായ ചിത്രന്‍ നമ്പൂതിരിപ്പാടിനൊപ്പം ഇത്തവണ കുറേ പുതുമുഖങ്ങളുമുണ്ട്. നമ്പൂതിരിപ്പാടിന്‍െറ യാത്രയെപ്പറ്റി ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞതവണ ഉരുള്‍പൊട്ടലില്‍ നിശ്ശേഷം തകര്‍ന്ന കേദാര്‍നാഥ് പതുക്കെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് നമ്പൂതിരിപ്പാട് പറഞ്ഞു. കുറെപ്പേര്‍ കുതിരപ്പുറത്തും ചിലര്‍ ഹെലികോപ്ടറിലുമാണ് അവിടേക്ക് പോയത്. റോഡില്‍ അപകടാവസ്ഥ ഒരുവിധം കുറഞ്ഞിട്ടുണ്ട്. നമ്പൂതിരിപ്പാടും കൂട്ടരും തങ്ങിയ ദിവസങ്ങളിലൊന്നില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അവിടെ എത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള സംഘമാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം എല്ലാ മലയാളികളോടുമായി പറഞ്ഞു; ‘ഇനി ധൈര്യപൂര്‍വം കേദാര്‍നാഥിലേക്ക് വരാം. അപകടാവസ്ഥ നിശ്ശേഷം ഇല്ലാതാക്കി’. ബദരീനാഥിലും റോഡുപണി അതിവേഗം പുരോഗമിക്കുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ സ്ഥാനത്ത് പുതിയത് തലപൊക്കുന്നുണ്ട്. ഹരിദ്വാര്‍ മുഴുവനായും സഞ്ചരിക്കുകയാണ് യാത്രാസംഘം. ഗംഗാതീരത്തും എത്തും. കാശി, മഥുര, അയോധ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഒന്നിന് നാട്ടില്‍ തിരിച്ചത്തെുന്ന വിധമാണ് യാത്ര.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.