ഏന്തിവിട(യ്യ)മ്മ...

നീലിമലയുടെ ഒന്നാംകയറ്റം കഴിഞ്ഞ് അപ്പാച്ചിയുടെ പകുതിയിലത്തെുമ്പോള്‍ വിയര്‍ത്ത് വിവശരായ അയ്യപ്പഭക്തന്‍മാര്‍ ഏന്തിവിടയ്യാ എന്ന് പറയുക പതിവാണ്. അടിവയറ്റിനുള്ളില്‍നിന്ന് പിറവി കൊള്ളുന്നതാണ് പ്രസ്തുത വിളി. മുന്നണികളും പാര്‍ട്ടികളും രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരുമൊക്കെ വോട്ടിനായി പൂഴിക്കടകന്‍ പയറ്റുമ്പോഴാണ് തമിഴക അമ്മയുടെ പരമഭക്തര്‍ അതിര്‍ത്തിയിലെ ചില പഞ്ചായത്തുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഏന്തിവിടമ്മാ, തള്ളിവിടമ്മാ എന്നൊക്കെയാണ് പോലും അവരുടെ ഉള്ളുചുട്ട പ്രാര്‍ഥന.
തമിഴക നേതാക്കളുടെ വശീകരണ ശക്തി ചിറ്റൂര്‍ അസംബ്ളി മണ്ഡലം തൊട്ടറിഞ്ഞതാണ്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ സിറ്റിങ് എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടിയും ഗാന്ധിയന്‍ കെ.എ. ചന്ദ്രനും തമ്മിലായിരുന്നു ചിറ്റൂരിലെ പൊടിപാറിയ മത്സരം. പ്രചാരണം തീരാന്‍ രണ്ട് ദിവസം മുമ്പുവരെ ജയിച്ചുനിന്നത് കൃഷ്ണന്‍കുട്ടിയായിരുന്നുവെന്ന് വി.എസ്. വിജയരാഘവന്‍െറ നേതൃത്വത്തിലെ അന്നത്തെ ഡി.സി.സി നേതൃത്വം പോലും അണിയറ വിലയിരുത്തല്‍ നടത്തി. പക്ഷേ, ജയിച്ചുകയറിയത് ചന്ദ്രനാണ്. ജില്ലയിലെ തന്നെ വടവന്നൂര്‍ സ്വദേശിയും തമിഴ്നാട്ടിലെ മക്കള്‍ തിലകവുമായ തമിഴരുടെ പൊന്‍താരം എം.ജി.ആര്‍ വിജയം സമ്മാനിച്ചു എന്ന് പറയുന്നതാവും ശരി. തമിഴ് ന്യൂനപക്ഷം തിങ്ങിപ്പാര്‍ക്കുന്ന കൊഴിഞ്ഞാമ്പാറയിലെ സെന്‍റ്പോള്‍സ് ഗ്രൗണ്ടില്‍ കറുത്ത കട്ടിക്കണ്ണടയും മേല്‍മുണ്ടുമായി നിറചിരിയോടെ മക്കള്‍തിലകം വന്നിറങ്ങി. അണ്ണാ ഡി.എം.കെയുടെ അന്നത്തെ ഇഷ്ട കക്ഷിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി നടത്തിയ അണ്ണന്‍െറ പേച്ചിന് ക്ളച്ച് പിടിച്ചപ്പോള്‍ കൃഷ്ണന്‍കുട്ടി തോറ്റു. അടുത്ത തെരഞ്ഞെടുപ്പില്‍ എം.ജി.ആര്‍ വന്നില്ല. കൃഷ്ണന്‍കുട്ടി ചന്ദ്രനെ അതിജയിക്കുകയും ചെയ്തു. എം.ജി.ആറിനെ ഒരു നോക്കുകണ്ട് നിര്‍വൃതിയടയാന്‍ വഴിയായ വഴിയൊക്കെ അന്ന് കൊഴിഞ്ഞാമ്പാറക്കാരായിരുന്നു.
ജയ ഇഡ്ഡലി, ജയ ദോശമാവ്, ജയ ഉപ്പ് എന്ന് തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ ഇടപാടില്‍ വരെ നിറഞ്ഞുകവിയുന്ന കുമാരി ജയലളിത ഇതുവരെ പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല. ചെക്ക്പോസ്റ്റ് കടന്നുകിട്ടാന്‍ അവരുടെ ചിത്രം വണ്ടിയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് പണ്ടൊരു വിദ്വാന്‍ സ്പിരിറ്റ് കടത്തിയ കഥ എക്സൈസുകാരുടെ രേഖയില്‍ കാണാമെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പും ജയാമ്മക്ക് തീര്‍ത്തും അന്യം. എന്നാല്‍, ഇത്തവണ അവരുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ അങ്കത്തിനുണ്ട്. തമിഴില്‍ മലയാളം പറയുന്നത് പതിവു സമ്പ്രദായമാക്കിയ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ളേപ്പിള്ളി പഞ്ചായത്തുകളിലെ ഒന്നും രണ്ടുമല്ല, നാല് വാര്‍ഡുകളിലേക്കാണ് അണ്ണാ ഡി.എം.കെ പോരിന് ഇറങ്ങിയിട്ടുള്ളത്. കടവൂളൈ കാപ്പാക്കി ഒരിടമെങ്കിലും ജയിച്ചുകിട്ടിയാല്‍ ഇന്ത ഊരില്‍നിന്നുതന്നെ കൈക്കൂപ്പിപ്പിടിച്ച് ചെന്നൈ പോയസ് ഗാര്‍ഡനിലെ അമ്മാവിന്‍ തൃക്കാല്‍ക്കല്‍ വീണ് ആനന്ദക്കരച്ചിലില്‍ ആറാടാമായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.