പെരുമാറ്റച്ചട്ട ലംഘനം: കര്‍ശന നടപടിയെന്ന് കമീഷന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചു. ജാതി-സമുദായ സംഘര്‍ഷങ്ങള്‍ക്കോ വിദ്വേഷത്തിനോ ഇടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. സ്വകാര്യജീവിതത്തെ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും വിമര്‍ശിക്കരുത്. ജാതിയുടെയും സമുദായത്തിന്‍െറയും പേരില്‍ വോട്ട് ചോദിക്കുക, ആരാധനാലയങ്ങള്‍ പ്രചാരണത്തിനുള്ള വേദിയാക്കുക, വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക തുടങ്ങിയവ കുറ്റകൃത്യമായി കണക്കാക്കും.  

വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്താന്‍ അവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനോ പിക്കറ്റ് ചെയ്യാനോ പാടില്ല. വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവയില്‍ അനുവാദമില്ലാതെ ബാനര്‍, കൊടിമരം എന്നിവ നാട്ടാനോ പരസ്യം ഒട്ടിക്കാനോ, മുദ്രാവാക്യം എഴുതാനോ പാടില്ല. പൊതുസ്ഥലത്ത് പരസ്യങ്ങളും ബോര്‍ഡുകളും പ്രചാരണോപാധികളും സ്ഥാപിക്കാന്‍ തടസ്സമില്ളെങ്കില്‍ അവിടെ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും തുല്യ അവസരം  നല്‍കണം.

രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ എഴുതി വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കണം. നോട്ടീസ് ലഭിച്ചശേഷം നീക്കിയില്ളെങ്കില്‍ നടപടി സ്വീകരിക്കണം. ഇതിന്‍െറ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.