കപ്പിത്താന്‍ മഹാനായി, ഇനി നമ്മുടെ സ്ഥാനാര്‍ഥി

‘പ്രതിക്രിയാവാദികളും ബൂര്‍ഷ്വാസികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര കുറവായിരുന്നു എന്നുവേണം കരുതാന്‍. അതാണ് നമ്മള്‍ തോറ്റത്’. മനസ്സിലായില്ല! ‘അതായത്, വര്‍ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായ മാറ്റമല്ല’ ഇപ്പോള്‍ മനസ്സിലായോ?

മനസ്സിലായെന്ന് നടിക്കുകമാത്രമാണ് വഴി. പ്രിയ സഖാക്കളെങ്കിലും. പാര്‍ട്ടി നിലപാടുകള്‍ അങ്ങനെയാണ്. അഴിമതി എന്ന് കേട്ടാല്‍തന്നെ ഓക്കാനംവരും. മുമ്പ് ബാലകൃഷ്ണപിള്ളയെ ഇടമലയാര്‍കേസില്‍ ജയിലിലയച്ചതാണ്. കൂടെയുള്ളവരെ പഴിപറഞ്ഞ് അച്ഛനും മോനും ഇറങ്ങിപ്പോന്നപ്പോള്‍ അഭയംകൊടുത്തു. പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും അത്താണിയാകുന്ന പാര്‍ട്ടിയാണ്. അതിനാല്‍ ഒപ്പംകൂട്ടി. അപ്പോള്‍ പിന്നെ എന്ത് അഴിമതി, എന്ത് കൈയിട്ടുവാരല്‍, എന്ത് ആദര്‍ശം. സംസ്ഥാനത്തുതന്നെ പാര്‍ട്ടി ഇങ്ങനെയൊക്കെയാവുമ്പോള്‍ പിന്നെ വയനാട്ടില്‍മാത്രം മാറിനില്‍ക്കണോ? നീരാളി ശുദ്ധനായതിനാലാണ് പാര്‍ട്ടി ലൈന്‍ പിടികിട്ടാത്തത്. സ്വന്തംപാര്‍ട്ടിയിലെ തമ്മിലടിമൂലവും ഡി.സി.സി പ്രസിഡന്‍റിന് ഒന്നുകൊടുക്കാനുമാണ് ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ ഖദര്‍ധാരി പത്രിക കൊടുക്കുന്നത്. ആള് പഞ്ചായത്ത് പ്രസിഡന്‍റാണ്. നേതാക്കള്‍ പഠിച്ചപണി പതിനെട്ടുംപയറ്റി.

രക്ഷയില്ല, പത്തൊമ്പതാമത്തെ അടവ് എക്സ്ട്രാ പഠിച്ചിട്ടും പയറ്റിനോക്കി. പത്രികമാത്രം പിന്‍വലിച്ചില്ല. സാധാ സ്വതന്ത്രനാകുമെന്നാണ് ഇരുട്ടുന്നതിന് തൊട്ടുമുമ്പുപോലും പറഞ്ഞത്. ആ ഒരാശ്വാസംപോലും അധികം നീണ്ടില്ല. പിന്നെ കാണുന്നതെല്ലാം കളികള്‍ക്കപ്പുറമുള്ള പുറംകളികളായിരുന്നു. അങ്ങനെയാണ് ആശാന്‍ മഹാമുന്നിണിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയാകുന്നത്. നേതാക്കളായ സഖാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് ‘പ്രതിക്രിയാവാദം’ പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ഥി പ്രസിഡന്‍റായ പഞ്ചായത്തിനെതിരെ ഏറെ സമരങ്ങള്‍ നടത്തിയതാണ്. ഒടുവില്‍, പാര്‍ട്ടി മുഖപത്രം കഴിഞ്ഞ ആഗസ്റ്റ് 10ന് എമണ്ടന്‍ വാര്‍ത്തയുമെഴുതി. തലക്കെട്ട് ഇപ്രകാരമായിരുന്നു. ‘മുള്ളന്‍കൊല്ലിയില്‍ അഴിമതി സാര്‍വത്രികമാക്കി’. അപ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റാവണം അഴിമതിയുടെ അപ്പോസ്തലന്‍. അങ്ങനെയായിരുന്നു നമ്മളെല്ലാം വിചാരിച്ചത്. സംസ്ഥാനതലസമരങ്ങളും പഞ്ചായത്തിനെതിരെ നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം അഴിമതിയും സ്വജനപക്ഷപാതവും ആ നാട്ടില്‍ അരങ്ങേറിയിരുന്നു, വികസനമെന്നത് തൊട്ടുതീണ്ടിയിട്ടേയില്ല. അതിന്‍െറ കപ്പിത്താന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു.

എന്നാല്‍, കലക്കവെള്ളത്തില്‍ തിമിംഗലത്തെ പിടിക്കാനുള്ള പെടാപ്പാടില്‍ ആ കപ്പിത്താന്‍ മഹാനായിരിക്കുന്നു. ഇനി നമ്മുടെ സ്ഥാനാര്‍ഥി അങ്ങോരാണ്. അങ്ങേര്‍ക്കാണ് സകല സ്തുതിയും പിന്തുണയും. ഇതൊക്കെക്കണ്ട് ഉള്ളില്‍ (ഉള്ളില്‍മാത്രം) സങ്കടപ്പെട്ടിരിക്കുന്ന സഖാവൊരുത്തനുണ്ട്. തുടക്കംമുതല്‍ കേട്ടത് ആ പേരായിരുന്നു. മറ്റ് പാര്‍ട്ടികളെപോലെ സങ്കടം പുറത്തറിയിച്ച് കരഞ്ഞ് കുളമാക്കില്ല. കേഡര്‍ പാര്‍ട്ടിയാണ്. പാര്‍ട്ടി തീരുമാനമാണ് ശരി. ‘വര്‍ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായ മാറ്റമല്ല, ഇപ്പോഴാണ് സംഗതി മനസ്സിലായത് ഗഡീ...’
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.