വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ്; വിവാദ പരാമര്‍ശവുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടുന്നതിനെക്കുറിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണെന്നും ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്. സംഭവം സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് മഹിളാ നേതാക്കള്‍ വ്യക്തമാക്കി. അങ്ങേയറ്റത്തെ കൊടും ക്രൂരതയാണിതെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി. ആരോപണത്തെ നിയമപരമായി നേരിടുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.

അതേസമയം വിവാദത്തില്‍ മറുപടിയുമായി ചെറിയാന്‍ ഫിലിപ്പ് പിന്നീട് രംഗത്തെത്തി. ഒരു സ്ത്രീവിരുദ്ധ പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ലെന്നും ഒരു സ്ത്രീയെയും പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന താന്‍ സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്.  ഈ സാംസ്‌കാരിക ജീര്‍ണതക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണെന്നും സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് താന്‍ പരോക്ഷമായി വിമശിച്ചതെന്നും അദ്ദേഹം മറുപടിയില്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ അവഗണിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ തൃശൂരില്‍ ഉടുപ്പഴിക്കല്‍ സമരം നടത്തിയിരുന്നു.
 

 

യൂത്ത് കൊണ്ഗ്രസുകാരുടെ ഉടുപ്പഴിക്കൾ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ് - ഈ സമരം രഹസ്യമായി നടത്തിയ വനിതകൽക്കെല്ലാം പണ്ട് കൊണ്ഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !!

Posted by Cherian Philip on Saturday, 17 October 2015
 

ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല - ഒരു സ്ത്രീയെയും ഞാൻ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല- സ്ത്രീകളെ...

Posted by Cherian Philip on Saturday, 17 October 2015

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.