‘ബേബി’യായി തിളങ്ങിയ ബേബി വളര്‍ന്നപ്പോള്‍ പഞ്ചായത്തിന് പുറത്ത്

കാസര്‍കോട്: ‘ബേബി’യായിരുന്നപ്പോള്‍ പഞ്ചായത്ത് ഭരണത്തിന്‍െറ പേരില്‍ കേരളം മുഴുവന്‍ തിളങ്ങുകയും തൊട്ടതെല്ലാം പൊന്നാക്കുകയും ചെയ്ത ബേബി വളര്‍ന്നപ്പോള്‍ പഞ്ചായത്തിന് പുറത്ത്. 21ാം വയസ്സില്‍ മടിക്കൈ ഗ്രാമപഞ്ചായത്തിന്‍െറ പ്രസിഡന്‍റായ പി. ബേബി ഇപ്പോള്‍ തദ്ദേശഭരണത്തിന് അന്യയാണ്. 1995 മുതല്‍ 2005 വരെ രണ്ടുതവണകളിലായി മടിക്കൈ പഞ്ചായത്തിന്‍െറ പ്രസിഡന്‍റായിരുന്ന ബേബി അന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി. തഴക്കവും പഴക്കവും ചെന്ന ഭരണാധികാരികള്‍ പഞ്ചായത്ത് വാഴുമ്പോള്‍ ബേബി ഭരിച്ച പഞ്ചായത്ത് വാരിക്കൂട്ടിയത് അവാര്‍ഡുകളുടെ കൂമ്പാരം.

ബേബി തുടങ്ങിവെച്ച പദ്ധതികളുടെ പേരില്‍ പില്‍കാലത്തും മടിക്കൈയുടെ മടിക്കുത്തില്‍ പുരസ്കാരം നിറഞ്ഞു. മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ പുരസ്കാരം രണ്ടുതവണ മടിക്കൈയിലത്തെി. മികച്ച വനിതാ പഞ്ചായത്ത് പ്രസിഡന്‍റിനുള്ള ഒൗട്ട്സ്റ്റാന്‍റിങ് ദേശീയ അവാര്‍ഡും സ്വന്തമാക്കി.

ബേബി തുടങ്ങിവെച്ച പദ്ധതികളില്‍ മണ്ണ്-ജല സംരക്ഷണ പുരസ്കാരം, നിര്‍മല്‍ പുരസ്കാരം, ഭൂമി-ജലം-മണ്ണ് സംരക്ഷണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പുരസ്കാരം എന്നിവ രണ്ട് തവണ പില്‍കാല പ്രസിഡന്‍റുമാര്‍ക്ക് ലഭിച്ചു. മറ്റ് പുരസ്കാരങ്ങളും വേറെ. പിന്നീട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്തെ മികച്ച ബ്ളോക് പഞ്ചായത്തായി കാഞ്ഞങ്ങാട് മാറി.

 ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായ ബേബി പാര്‍ട്ടിയില്‍ ശക്തമായ സ്ത്രീസാന്നിധ്യമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിലേക്ക് ജനങ്ങള്‍ കരുതിവെച്ച ബേബിക്ക് പക്ഷെ പാര്‍ട്ടി അതിരിട്ടു. തൊഴിലുറപ്പ് തൊഴിലാളികളുടെ സി.പി.എം സംഘടനയായ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂനിയനില്‍ ബേബിയെ സി.പി.എം തളച്ചു. പാര്‍ട്ടിയുടെ ലോക്കലില്‍ ഈ യുവഭരണാധികാരി പരിമിതപ്പെട്ടു.

ജനറല്‍ സഹകരണ ബാങ്കുകളില്‍ ഒരുപക്ഷെ ആദ്യ വനിതാ പ്രസിഡന്‍റും ബേബിയായിരിക്കും. ഇപ്പോള്‍ മടിക്കൈ സര്‍വിസ് സഹകരണ ബാങ്കിന്‍െറ പ്രസിഡന്‍റാണ്. സോഷ്യോളജി എം.എയും ഹിന്ദിയിലും നാച്വറല്‍ സയന്‍സിലും ബി.എഡ് ബിരുദധാരിയുമാണ്. ഗെസ്റ്റ് ലെക്ചററായി ജോലി ചെയ്യുന്ന ഈ യുവതി തദ്ദേശ വികസനത്തിന്‍െറ പ്രോജക്ട് കോഓഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. സി.പി.എം ഏരിയാ കമ്മിറ്റി അംഗമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.