‘ഗണ്‍മോന്‍’മാരല്ല ഞങ്ങള്‍, അടിമപ്പണിക്കാര്‍...

തൃശൂര്‍: ‘ഗണ്‍മാന് എന്താ ജോലി? മന്ത്രിമാരുടെ സംരക്ഷണ ചുമതലയാണെന്നാണ് വെപ്പ്. എന്നാല്‍, ഞങ്ങള്‍ ചെയ്യുന്നത് ആ ജോലിയൊന്നും അല്ല’ - സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുടെ ഗണ്‍മാന്‍മാരില്‍ ഒരാളുടെ വാക്കുകളാണിത്. ‘ഇതൊന്നും ചോദ്യം ചെയ്യുന്നത് പോയിട്ട് പുറത്തു പറയാന്‍ പോലും പറ്റില്ല. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണമെന്നുണ്ട്. കഴിയില്ല, പണി പോകും. വാസ്തവത്തില്‍ അടിമപ്പണി തന്നെയാണ് ഞങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത്’ -ആ ചെറുപ്പക്കാരന്‍ പറഞ്ഞു. ഇത് ഒറ്റപ്പെട്ട പ്രതികരണമല്ല. പല ഗണ്‍മാന്‍മാരുടെയും ആത്മനൊമ്പരമാണിത്. തന്‍െറ ഡ്രൈവറെക്കൊണ്ട് സ്പീക്കര്‍ എന്‍. ശക്തന്‍ ചെരിപ്പിന്‍െറ വാറഴിപ്പിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് മന്ത്രിമാരുടെ സ്റ്റാഫിലുള്ള ചിലര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തങ്ങളുടെ പേര് അറിയാനിടവരുന്ന സൂചന പോലും വാര്‍ത്തയില്‍ ഉണ്ടാവരുതെന്ന അപേക്ഷയോടെയാണ് ഏറ്റുപറച്ചില്‍.

കേരള പൊലീസില്‍ നിന്നാണ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗണ്‍മാന്‍മാര്‍ എത്തുന്നത്. മന്ത്രിമാര്‍ അധികാരത്തിലേറും മുമ്പേ ഗണ്‍മാന്‍മാരാകാന്‍ ഇടി തുടങ്ങും. ഭരണപക്ഷ പാര്‍ട്ടി ഓഫിസുകള്‍ വഴി പൊലീസ് ആസ്ഥാനത്ത് നിരവധി ശിപാര്‍ശകളത്തെും. അങ്ങനെ ഗണ്‍മാനായവരാണ് ഇപ്പോള്‍ പരിതപിക്കുന്നതെന്നത് മറ്റൊരു വസ്തുത. നാല് ഗണ്‍മാന്‍മാരെങ്കിലും ഓരോ മന്ത്രിക്കുമുണ്ട്. മന്ത്രിമാരുടെ സുരക്ഷാ ചുമതലയാണ് ഇവരുടെ ജോലിയെന്നാണ് വെപ്പ്. എന്നാല്‍, യഥാര്‍ഥ പണി മന്ത്രിമാരുടെ മൊബൈല്‍ ഫോണുകളും ഡയറികളും ചുമക്കലാണ്. ഡ്രൈവര്‍മാര്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ അടുക്കിവെക്കുക, ചെരിപ്പ് ധരിപ്പിക്കുക തുടങ്ങി വിവിധ ജോലികള്‍ ചെയ്യേണ്ട ഗതികേടിലാണ് തങ്ങളെന്ന് ഗണ്‍മാന്‍മാര്‍ പരാതിപ്പെടുന്നു.

എല്ലാ മന്ത്രിമാര്‍ക്കും ഫോണുകളും ഡയറികളും പിടിക്കാന്‍ പഴ്സനല്‍ അസിസ്റ്റന്‍റുമാരെ സര്‍ക്കാര്‍ ചെലവില്‍ വെച്ചിട്ടുണ്ട്. അവരില്‍ പലരും മന്ത്രി ഓഫിസുകളില്‍ വെറുതെയിരുന്ന് ശമ്പളം പറ്റുകയോ മറ്റ് ബിസിനസുകളില്‍ ഏര്‍പ്പെടുകയോ ചെയ്യും. അവരുടെ ജോലികള്‍ മുഴുവന്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് ഗണ്‍മാന്‍മാര്‍. എന്തെങ്കിലും പിഴവ് വന്നാല്‍ വളരെ മോശമായ രീതിയില്‍ പ്രതികരിക്കുന്ന മന്ത്രിമാരുമുണ്ടെന്ന് ഗണ്‍മാന്‍മാര്‍ പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍ മന്ത്രിവസതിയിലേക്ക് മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയുമുണ്ട്. പൊലീസ് ക്യാമ്പുകളിലെ ക്യാമ്പ് ഫോളോവേഴ്സിനെക്കാള്‍ മോശപ്പെട്ട അവസ്ഥയാണ് ഗണ്‍മാന്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമുള്ളതെന്നാണ് അവരുടെ അഭിപ്രായം. ഇതൊന്നും ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഗണ്‍മാന്‍മാര്‍ ആയാല്‍ സ്യൂട്ട് ഇട്ട് നടക്കാമെന്ന ഒരു ഗുണമേയുള്ളൂ. അല്ലാതെ എല്ലാ ഗണ്‍മാന്‍മാരും ചെയ്യുന്ന പണി ഒന്നു തന്നെയാണെന്നാണ് അവരുടെ അഭിപ്രായം.

സ്പീക്കര്‍ ഡ്രൈവറെക്കൊണ്ട് ചെരിപ്പിന്‍െറ വാറഴിച്ചത് അത്ര വലിയ സംഭവമായി കാണേണ്ടെന്നാണ് ഗണ്‍മാന്‍മാര്‍ പറയുന്നത്. അതിലും മോശപ്പെട്ട പല കാര്യങ്ങളും തങ്ങളെ കൊണ്ട് ചെയ്യിപ്പിക്കാറുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പല ഗണ്‍മാന്‍മാരും പറഞ്ഞത്. ‘ഇക്കാര്യങ്ങള്‍ ഫേസ്ബുക്കിലുള്‍പ്പെടെ എഴുതണമെന്നുണ്ട്. പക്ഷേ, കുടുംബമൊക്കെയുള്ളതല്ളേ, പ്രതികരിച്ചാല്‍ പണി പോകും. നിങ്ങള്‍ ഇക്കാര്യം പൊതുജനമധ്യത്തില്‍ കൊണ്ടുവരണം’ പേര് വെളിപ്പെടുത്തരുതെന്ന് അപേക്ഷിച്ച് ഒരു ഗണ്‍മാന്‍ പറഞ്ഞു. ജനങ്ങള്‍ ‘ഗണ്‍മോന്‍’ മാരായാണ് ഞങ്ങളെ കാണുന്നത്. ഫലത്തില്‍ ഞങ്ങള്‍ അനുഭവിക്കുന്ന അടിമപ്പണി ജനങ്ങള്‍ അറിയണമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.          

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.