വിലപേശി സ്ഥാനാര്‍ഥികള്‍, വാഗ്ദാനങ്ങളുമായി നേതാക്കള്‍, വലവീശി ബി.ജെ.പി

കൊച്ചി: മാതൃദിനം, പ്രണയദിനം മാതൃകയില്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് ‘വിമതദിന’മായിരുന്നു.  ശനിയാഴ്ച ഉച്ചവരെ ‘വിമത സ്ഥാനാര്‍ഥികളുടെ ദിനാഘോഷം കൊഴുക്കും. സൂക്ഷ്മപരിശോധന പൂര്‍ത്തിയായ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഓരോ വാര്‍ഡിലെയും വിമതരെ സംബന്ധിച്ച യഥാര്‍ഥ ചിത്രം മുന്നണി നേതാക്കള്‍ക്ക് ലഭിച്ചത്. ചില വാര്‍ഡുകളില്‍ മൂന്ന് വിമതര്‍ വരെയുണ്ട്.
 ജില്ല, ബ്ളോക്, ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഒരുപോലെ വിമതസാന്നിധ്യം ശക്തമാണ്. ചെറിയൊരു ശതമാനം നേരമ്പോക്കിന് പത്രിക നല്‍കിയവരാണ്. പിന്‍വലിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ച ഉച്ചയോടെ ഇവര്‍ രംഗമൊഴിയും. എന്നാല്‍, നേതൃത്വത്തെ വെല്ലുവിളിച്ച് ഗൗരവപൂര്‍വം പത്രിക നല്‍കിയവരാണ് ഏറെയും. ഇവരെ പിന്‍വലിപ്പിക്കാനുള്ള തീവ്രശ്രമമാണ് വെള്ളിയാഴ്ച പകല്‍ മുഴുവന്‍ നേതാക്കള്‍ നടത്തയത്. ഇത് ശനിയാഴ്ചയും തുടരും.

കഴിഞ്ഞ തവണ നിര്‍ബന്ധിച്ചും കാലുപിടിച്ചുമൊക്കെ ഉന്തിത്തള്ളി സ്ഥാനാര്‍ഥികളാക്കിയ വനിതകളില്‍ പലരും ഇക്കുറി ആവേശപൂര്‍വം വിമതവേഷം കെട്ടിയതാണ് നേതാക്കളെ അമ്പരപ്പിച്ചത്. തങ്ങള്‍ വികസനം കൊണ്ടുവന്ന വാര്‍ഡ് ജനറലായെങ്കിലും ഒഴിയാന്‍ തയാറല്ളെന്ന നിലപാടിലാണ് ഇവര്‍. ചില വനിതാ അംഗങ്ങളുടെ ഭര്‍ത്താക്കന്മാരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭാര്യ പ്രതിനിധാനം ചെയ്ത വാര്‍ഡില്‍  വിമതവേഷത്തില്‍ രംഗത്തുണ്ട്. ജനപ്രതിനിധിയുടെ ഭര്‍ത്താവ് എന്നനിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം വാര്‍ഡില്‍ രൂപപ്പെടുത്തിയ ബന്ധങ്ങള്‍ വോട്ടാവുമെന്ന പ്രതീക്ഷയിലാണിത്.

വിജയസാധ്യതയുള്ള വാര്‍ഡുകളിലാണ് വിമതശല്യം ഏറെയും. വിമതരെ പിന്തിരിപ്പിക്കാനായി ഒൗദ്യോഗിക സ്ഥാനാര്‍ഥികളാണ് സജീവമായി രംഗത്തിറങ്ങിയത്. നേരിട്ടുള്ള നിര്‍ബന്ധം കൂടാതെ പാര്‍ട്ടിയുടെ ഉന്നത നേതാക്കളെക്കൊണ്ട് വിളിച്ചുപറയിപ്പിച്ചും പിന്തിരിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം മാന്യമായ ഭാരവാഹി സ്ഥാനമാണ് മിക്കവര്‍ക്കും ഓഫര്‍.
പ്രചാരണത്തിനും മറ്റും ഇതിനകം ചെലവാക്കിയ പണവും അതിന്‍െറ ലാഭവും വാഗ്ദാനം ചെയ്യുന്നുമുണ്ട്. പിന്മാറിയില്ളെങ്കില്‍  പുറത്താക്കല്‍ ഉള്‍പ്പെടെ ഭീഷണികളും ഉയരുന്നുണ്ട്. ഇതിനിടെ, തമാശക്ക് നാമനിര്‍ദേശ പത്രിക നല്‍കിയവര്‍ ഇത് മുതലെടുത്ത് വിലപേശുന്നുമുണ്ട്.  
മത്സരിക്കാനുറച്ച് വിമതവേഷം കെട്ടിയവര്‍ പ്രലോഭനങ്ങളിലും സമ്മര്‍ദങ്ങളിലും വീഴാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കിയിരിക്കുകയാണ്. അതിനിടെ, ഇരുമുന്നണിയിലെയും വിമതരെ വലവീശി ബി.ജെ.പിയും രംഗത്തുണ്ട്.
വിജയസാധ്യതയുള്ള ഇരുമുന്നണിയിലെയും വിമതരെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ ആലുവയില്‍ ചേര്‍ന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് സമിതി യോഗം ധാരണയിലത്തെിയിരുന്നു. പാര്‍ട്ടി ചിഹ്നം അനുവദിക്കാവുന്ന ഘട്ടം കഴിഞ്ഞതോടെ, വിജയസാധ്യതയുള്ള വിമതരെ തങ്ങള്‍ പിന്തുണക്കുന്ന സ്വതന്ത്രന്മാരായി രംഗത്തിറക്കിയുള്ള മത്സരത്തിനാണ് നീക്കംനടത്തുന്നത്.
എസ്.എന്‍.ഡി.പി ബാന്ധവം പ്രതീക്ഷിച്ച ഗുണമുണ്ടാക്കില്ളെന്ന തിരിച്ചറിവിനത്തെുടര്‍ന്നാണ് ‘വിമത രാഷ്ട്രീയതന്ത്ര’ത്തിലൂടെ പരമാവധി സ്ഥാനം ഉറപ്പിക്കാനുള്ള നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.