പോര്‍ക്കളത്തില്‍ പണിയവിഭാഗത്തിലെ ആദ്യ എം.എസ്.ഡബ്ള്യുക്കാരന്‍

കല്‍പറ്റ: പിന്നാക്കത്തില്‍ പിന്നാക്കമാണ് വയനാട്ടിലെ പണിയ സമുദായം. മുഖ്യധാരയില്‍നിന്ന് എക്കാലവും മാറ്റിനിര്‍ത്തുന്ന ഈ ഗോത്രവര്‍ഗത്തില്‍ ഇ.ബി. അനീഷ് കുറിച്ചിട്ടത് പണിയവിഭാഗത്തിലെ ആദ്യ എം.എസ്.ഡബ്ള്യുക്കാരനെന്ന നേട്ടം. അഞ്ചു വര്‍ഷമായി സാമൂഹികപ്രവര്‍ത്തനത്തില്‍ സജീവമായ ഈ 30കാരന്‍ ഇക്കുറി രാഷ്ട്രീയ പോരാട്ടങ്ങളുടെ ഗോദയിലേക്കിറങ്ങുകയാണ്. ജില്ലാ പഞ്ചായത്തില്‍ പട്ടികവര്‍ഗ സംവരണമായ പുല്‍പള്ളി ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായാണ് കന്നിയങ്കം.
കുരങ്ങുപനി ഒട്ടേറെ ആദിവാസി സഹോദരങ്ങളുടെ ജീവന്‍ കവര്‍ന്ന ചീയമ്പം 73 കോളനിയിലാണ് അനീഷിന്‍െറ വീട്. നെന്മേനി പഞ്ചായത്തില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുന്നതിനിടെയാണ് സ്ഥാനാര്‍ഥിയാകാനുള്ള ക്ഷണം തേടിയത്തെുന്നത്. ‘സോഷ്യല്‍ വര്‍ക്കറായ എനിക്ക് കൂടുതല്‍ പേര്‍ക്ക് സേവനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ സന്തോഷമേയുള്ളൂ. ആദ്യമായാണ് മത്സരിക്കുന്നത്. കോളജില്‍പോലും മത്സരിച്ചിട്ടില്ല. എന്നാല്‍, സാമൂഹിക സേവനം തൊഴിലായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണവും പ്രവര്‍ത്തനങ്ങളും ശ്രമകരമായി തോന്നുന്നേയില്ല’- ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രത്തില്‍നിന്ന് 2010ല്‍ എം.എസ്.ഡബ്ള്യു പാസായ അനീഷ് പറയുന്നു. കാപ്പിസെറ്റ് സ്കൂളില്‍ യു.പി വരെ പഠിച്ചശേഷം പ്ളസ്ടുവരെ മുള്ളന്‍കൊല്ലി സ്കൂളില്‍. പുല്‍പള്ളി പഴശ്ശിരാജ കോളജില്‍നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. ആദിവാസി വികസന പ്രവര്‍ത്തക സമിതി ജില്ലാ സെക്രട്ടറിയായ അനീഷ് നല്ളൊരു നാടന്‍പാട്ടുകാരന്‍ കൂടിയാണ്. സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ ഭാസ്കരന്‍െറയും സരോജിനിയുടെയും മൂത്ത മകനാണ്. രണ്ടു സഹോദരിമാരില്‍ ഒരാള്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ഒരാള്‍ വെറ്ററിനറി കോഴ്സിന് പഠിക്കുകയാണ്. അനുജന്‍ മംഗലാപുരത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി.
‘ജയിച്ചാല്‍ ഞാനുള്‍പ്പെടുന്ന ആദിവാസി വിഭാഗക്കാരുടെ ദുരവസ്ഥയും വയനാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരും. വിദ്യാഭ്യാസ വായ്പയെടുത്തവരോടുള്ള  ബാങ്കുകളുടെ മനോഭാവം മാറേണ്ടതുണ്ട്. വന്യമൃഗശല്യത്തിനെതിരെ പോരാടുന്ന കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും കാട്ടുപന്നി കുത്തിനശിപ്പിച്ച തന്‍െറ ഇഞ്ചിത്തോട്ടം ചൂണ്ടിക്കാട്ടി അനീഷ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.