തോറ്റ് ജയിച്ചതിന്‍െറ ഓര്‍മയില്‍ കടമേരി ബാലകൃഷ്ണന്‍

ആയഞ്ചേരി: തോറ്റ് ജയിച്ചതിന്‍െറ ഓര്‍മയില്‍ രാഷ്ട്രീയക്കാരിലെ കവിയും കെ.പി.സി.സി നിര്‍വാഹകസമിതി അംഗവും റിട്ട. അധ്യാപകനുമായ കടമേരി ബാലകൃഷ്ണനാണ് ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ അത്രയൊന്നുമില്ലാതിരുന്ന 20 വര്‍ഷം മുമ്പത്തെ മധുരമേറിയ ജയത്തെക്കുറിച്ച് ഓര്‍ക്കുന്നത്. 95ല്‍ ജില്ലാപഞ്ചായത്തിലേക്ക് ആയഞ്ചേരി ഡിവിഷനില്‍നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായാണ് മാഷ് മത്സരിച്ചത്. എതിരാളി സി.പി.എമ്മിലെ എം.കെ. നാണു. മൊകേരിയിലാണ് വോട്ടെണ്ണല്‍ നടന്നത്. മാഷും അടുത്തുള്ള പാര്‍ട്ടിപ്രവര്‍ത്തകരും വീട്ടില്‍തന്നെയിരുന്നു. വോട്ടെണ്ണല്‍കേന്ദ്രത്തിലെ വിവരങ്ങള്‍ വൈകിയാണെങ്കിലും മാഷ്ടെ വീടായ ‘കവിത’യില്‍ പ്രവര്‍ത്തകര്‍ എത്തിച്ചുകൊണ്ടിരുന്നു. ഡിവിഷനിലെ എളയടം വാര്‍ഡില്‍ സി.പിഎമ്മിന് 150 വോട്ടാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അവിടെ നാണുവിന് 600 വോട്ട് ലീഡ്. ഇനി ചേലക്കാട് വാര്‍ഡാണ് എണ്ണാനുള്ളത്.

വിജയപ്രതീക്ഷക്ക് വകയില്ളെന്നുകണ്ട് വോട്ടെണ്ണല്‍കേന്ദ്രത്തിന് പുറത്തും കടമേരിയുടെ വീട്ടിലുമുള്ള പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും സ്ഥലംവിട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ തണ്ണീര്‍പന്തലില്‍ ഒരുക്കിയ ലോറിയില്‍ കെട്ടിയ മൈക്കും ലൈറ്റും സി.പി.എം പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റുന്നതായും എം.കെ. നാണു തോറ്റതായാണ് വിവരമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. ചേലക്കാട് വാര്‍ഡില്‍ 650 വോട്ട് ലീഡ് കിട്ടിയതാണ് ജയം മാഷ്ക്ക് അനുകൂലമാക്കിയത്. എന്നാല്‍, പിറ്റേന്ന് ഇന്ത്യന്‍ എക്സ്പ്രസില്‍ കെ.പി.സി.സി അംഗം കടമേരി ബാലകൃഷ്ണന്‍ തോറ്റതായി വാര്‍ത്തവന്നത് ഇന്നും ചെറുചിരിയോടെ മാഷ് ഓര്‍ക്കുന്നു. 

1971ല്‍ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍നിന്ന് ജയിച്ചതാണ് മാഷ്ടെ ആദ്യത്തെ തെരഞ്ഞെടുപ്പ് വിജയം. പ്രൈമറി ഹെല്‍ത്ത് സെന്‍ററിന് സ്ഥലംവാങ്ങാന്‍ അനുഭവിച്ച പ്രയാസങ്ങള്‍ പറഞ്ഞാല്‍തീരില്ല.  പഞ്ചായത്ത് ഓഫിസ് കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം വാങ്ങിയതും ആയഞ്ചേരി-കടമേരി-തണ്ണീര്‍പന്തല്‍ റോഡ് നിര്‍മാണം നടന്നതും അക്കാലത്താണ്. കെ. കരുണാകരനുമായുണ്ടായിരുന്ന അടുത്തബന്ധംമൂലം റോഡിന് 15 ലക്ഷം നേടിയെടുക്കാന്‍ സഹായിച്ചു.

തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്കൂള്‍ അധ്യാപകനായിരുന്ന മാഷ് 1995ലാണ് വിരമിച്ചത്. യു.ഡി.എഫ് കുറ്റ്യാടി മണ്ഡലം ചെയര്‍മാനായ കടമേരി 76ാം വയസ്സിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും കവിയരങ്ങിലും സജീവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.