ഊട്ടി പൈതൃക റെയില്‍ സര്‍വിസ് 107ാം വര്‍ഷത്തിലേക്ക്

ഗൂഡല്ലൂര്‍: യുനെസ്കോ ലോക പൈതൃക പട്ടികയില്‍ പെടുത്തിയ ഊട്ടി പര്‍വത റെയില്‍ സര്‍വിസിന്‍െറ 107ാം വര്‍ഷത്തിലേക്കുള്ള ചുവടുവെപ്പ് ഊട്ടിയുടെ ആഘോഷമാവുന്നു. വ്യാഴാഴ്ച ഊട്ടി റെയില്‍വേ സ്റ്റേഷനില്‍ നീലഗിരി ജില്ലാ കലക്ടര്‍ ഡോ.പി.ശങ്കര്‍ കേക്കുമുറിച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ലോകത്താകമാനമുള്ള അനേകായിരം വിനോദസഞ്ചാരികളുടെ മനം കവര്‍ന്ന ട്രെയിനിന്‍െറ ചിത്രം ഉള്‍പ്പെടുത്തി തപാല്‍ വകുപ്പ് പ്രത്യേകം സ്റ്റാമ്പ് പുറത്തിറക്കും. ശാസ്ത്രജ്ഞന്‍ ശ്രീനിവാസന്‍ ആഘോഷപരിപാടികളില്‍ മുഖ്യാതിഥിയായിരുന്നു.
  ബ്രിട്ടീഷ് ഭരണകാലത്ത് മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍ വരെ ആരംഭിച്ച പര്‍വത റെയില്‍ 1908 ഒക്ടോബര്‍ 15ന് ഊട്ടിയില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിതമായതോടെയാണ് അവിടെവരെ നീട്ടിയത്.  ആദ്യകാലത്ത് നീരാവി എന്‍ജിനുപയോഗിച്ച്  പ്രവര്‍ത്തിച്ചിരുന്ന ട്രെയിനുകള്‍ ഇപ്പോള്‍ ഫര്‍ണസ് ഓയിലിലും ഡീസലിലുമാണ് ഓടുന്നത്.  കൂനൂര്‍ മുതല്‍ ഊട്ടി വരെ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കും.  40 മിനിറ്റ് സമയമാണ് വണ്ടിക്ക് ഊട്ടിയിലത്തൊന്‍ വേണ്ടത്. മലകളും താഴ്വാരങ്ങളുമടങ്ങിയ ഊട്ടിയുടെ പ്രകൃതിഭംഗി നുകര്‍ന്നുകൊണ്ടുള്ള യാത്ര ജീവിതത്തിലെ അവിസ്മരണീയ അനുഭവമാണെന്നാണ് വിനോദസഞ്ചാരികള്‍ അഭിപ്രായപ്പെടുന്നത്. ഏതാനും പ്രദേശവാസികളൊഴിച്ച് യാത്രക്കാരില്‍ ഭൂരിഭാഗവും എപ്പോഴും വിനോദസഞ്ചാരികളായിരിക്കും. ഏഷ്യയിലെതന്നെ ഏറ്റവും ചെങ്കുത്തായ മീറ്റര്‍ ഗേജ് പാതയാണ് ഊട്ടി പര്‍വത റെയില്‍പാത.  മേട്ടുപ്പാളയം മുതല്‍ ഊട്ടിവരെ 46 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ 208 വളവുകളും 250 പാലങ്ങളും പാറതുരന്നുള്ള 16 തുരങ്കങ്ങളുമാണ് പാതയിലുള്ളത്.
2005ലാണ് യുനെസ്കോ റെയില്‍ സര്‍വിസിനെ പാരമ്പര്യ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.