കോണ്‍ഗ്രസ്-ലീഗ് പോരില്‍ ജാതി സമവാക്യങ്ങള്‍ മാറുന്നു

കാസര്‍കോട്: തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയതോടെ ജില്ലയില്‍ മുന്നണി ധാരണകളിലെ അസ്വാരസ്യവും ജാതി സമവാക്യങ്ങളും മറനീക്കി. യു.ഡി.എഫിലെ സീറ്റ് തര്‍ക്കവും റെബല്‍ ഭീഷണിയും ബി.ജെ.പിക്ക് അനുകൂലമാവുന്നു. മുന്നണിയിലെ തര്‍ക്കം കാരണം ചില തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസും ലീഗും മുന്നണി മര്യാദകള്‍ ലംഘിച്ച് മത്സരരംഗത്തുണ്ട്. ഈസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസ് വിമതര്‍ നയിക്കുന്ന ജനകീയ മുന്നണിയും എല്‍.ഡി.എഫും അഞ്ച് സീറ്റുകളില്‍ സംഖ്യത്തിലാണ്.

കള്ളാര്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം, യു.ഡി.എഫില്‍ നിന്ന് മാറി എല്‍.ഡി.എഫുമായാണ് സംഖ്യം. മധൂര്‍ പഞ്ചായത്തില്‍ ആവശ്യപ്പെട്ട വാര്‍ഡ് ലഭിച്ചില്ളെന്ന കാരണത്താല്‍ യൂത്ത് കോണ്‍ഗ്രസ് നാലാം വാര്‍ഡ് കമ്മിറ്റി പിരിച്ചുവിട്ടു. ഇവിടെ ലീഗിനെതിരെ പൊതുസ്വതന്ത്രനെ നിര്‍ത്താനാണ് വിമത വിഭാഗത്തിന്‍െറ നീക്കം.

മുന്നണിയിലെ ഈ അസ്വാരസ്യങ്ങള്‍ മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പിയുടെ കരുനീക്കം. യു.ഡി.എഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ സീറ്റ് ആവശ്യപ്പെടുന്ന ലീഗാണ് തങ്ങളുടെ പ്രധാന എതിരാളികളെന്ന് ബി.ജെ.പി വിലയിരുത്തുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വരെ ജില്ലയില്‍ 18 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ ഒമ്പതെണ്ണം മാത്രമാണുള്ളത്. കാഞ്ഞങ്ങാട് നഗരസഭ, ചെമ്മനാട് പഞ്ചായത്ത് എന്നിവയാണ് അവസാനമായി കോണ്‍ഗ്രസില്‍ നിന്നും ലീഗ് പിടിച്ചെടുത്തത്.

കുമ്പള, മഞ്ചേശ്വരം, മംഗല്‍പാടി, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. ഈ സ്ഥാനത്തുനിന്ന് ലീഗ് കൂടുതല്‍ സീറ്റ് കൈക്കലാക്കിയതോടെ ബി.ജെ.പിയായി വലിയ കക്ഷി. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസ് നാശോന്മുഖമായതോടെ മതേതര ചിന്താഗതിക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ ഇടമില്ലാതായ അവസ്ഥയാണ്. അത്തരം വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ ബി.ജെ.പി പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഭൂരിപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിലൂടെ കോണ്‍ഗ്രസ്, എല്‍.ഡി.എഫ് വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒന്നര ലക്ഷവും എല്‍.ഡി.എഫിന് 1.8 ലക്ഷവും വോട്ടുകളാണ് ലഭിച്ചത്. ഇത്രയും വോട്ട് സ്വന്തം നേടാനായതിനാല്‍ തങ്ങളാണ് ജില്ലയിലെ പ്രധാന കക്ഷികളെന്നാണ് ബി.ജെ.പിയുടെ വാദം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.