സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസിലെ ഇരയായ പെണ്‍കുട്ടിക്ക് രക്ഷപെടാമായിരുന്നെന്ന് സുപ്രീംകോടതി. കേസിലെ പ്രധാന പ്രതിയായ ധര്‍മരാജന്‍ ഉള്‍പ്പെടെ 27 പേര്‍ നല്‍കിയ അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അഭിപ്രായപ്രകടനം. പ്രതികളുടെ പക്കല്‍ നിന്നും രക്ഷപ്പെടാന്‍ അവസരങ്ങളുണ്ടായിട്ടും പെണ്‍കുട്ടി ഉപയോഗിക്കാതിരുന്നത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണോ പോയതെന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

പ്രത്യക്ഷത്തില്‍ പെണ്‍കുട്ടിക്കെതിരെയെന്ന് വ്യാഖ്യാനിക്കാവുന്ന പരാമര്‍ശങ്ങള്‍ നടത്തിയ കോടതി പ്രതികള്‍ക്ക് അടിയന്തരമായി ജാമ്യം അനുവദിക്കാന്‍ സാധിക്കില്ളെന്ന് വ്യക്തമാക്കി. വിശദമായി വാദം കേള്‍ക്കാനായി കേസ് അടുത്ത മാര്‍ച്ചിലേക്ക് മാറ്റിവെച്ചു.

ഓട്ടോയിലും ബസിലും യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിക്ക് ഒച്ചവക്കുകയോ രക്ഷപ്പെടാന്‍ ശ്രമം നടത്തുകയോ ചെയ്യാമായിരുന്നു എന്നാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ ജാമ്യാപേക്ഷയെ സംസ്ഥാനസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ചവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

1996ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂര്യനെല്ലി സ്വദേശിയായ പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ചു എന്നാണ് കേസ്. 40 പേരാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇതില്‍ 35 പേരെ വിചാരണക്കോടതി ശിക്ഷിച്ചു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലില്‍ 2005ല്‍ ഒന്നാംപ്രതി ധര്‍മരാജന്‍ ഒഴികെ മറ്റുള്ളവരെ ഹൈകോടതി കുറ്റവിമുക്തരാക്കി. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് സുപ്രീംകോടതി 2013ല്‍ ഹൈകോടതി വിധി റദ്ദാക്കി. തുടര്‍ന്ന് 2014ല്‍ ഏപ്രില്‍ 4ന് കേസിലെ 24പേരെ കുറ്റക്കാരാണെന്ന് കണ്ട് സുപ്രീംകോടതി ശിക്ഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.