കൊച്ചി: നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി നടന്ന മനുഷ്യക്കടത്ത് കേസുകള്‍ സി.ബി.ഐ വീണ്ടും അന്വേഷിക്കുന്നു. മനുഷ്യക്കടത്തിന് കേരളത്തിലാകമാനം വിപുല നെറ്റ് വര്‍ക്കുള്ളതായി വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സി.ബി.ഐ ദുബൈയില്‍നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ വീട്ടില്‍ കെ.വി. സുരേഷില്‍നിന്നാണ് (50) കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
കേസില്‍ തുടരന്വേഷണം നടത്തുന്നതായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ച സി.ബി.ഐ സംഘം സുരേഷിനെ ഈമാസം 15 വരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ സുരേഷ് ഒളിവിലായിരുന്നു. ഇയാളുടെ അഭാവത്തില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നല്‍കിയത്.
പ്രതി അറസ്റ്റിലായ സാഹചര്യത്തില്‍ കൂടുല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന സി.ബി.ഐയുടെ വാദം അംഗീകരിച്ചാണ് മജിസ്ട്രേറ്റ് കെ.കമനീസ് കസ്റ്റഡി അനുവദിച്ചത്. സുരേഷിനെ ചോദ്യം ചെയ്യുന്നതിലൂടെ മനുഷ്യക്കടത്തിന് ഒത്താശ ചെയ്ത മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്
സി.ബി.ഐ.
കൊടുങ്ങല്ലൂര്‍ കരുമാത്തറ മഠത്തിവിലാകം ലിസി സോജന്‍, കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം അണ്ടുരുത്തിയില്‍ വീട്ടില്‍ സേതുലാല്‍ എന്ന ബഷീര്‍ എന്നിവരുടെ ഒത്താശയോടെയായിരുന്നു സുരേഷ് ഗള്‍ഫില്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിരുന്നത്. കേസിലെ മറ്റൊരു പ്രതി അനില്‍കുമാറാണ് കേരളത്തില്‍നിന്ന് പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കിയിരുന്നത്. വിസയും ടിക്കറ്റും മറ്റ് ചെലവുകളും ഒരുക്കിയിരുന്നത് സുരേഷാണെന്ന് സി.ബി.ഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ജൂണ്‍ 11ന് ചിറയിന്‍കീഴ് സ്വദേശിനിയെ ദുബൈയില്‍ 25,000 രൂപ ശമ്പളത്തില്‍ ക്ളീനിങ് ജോലിക്കെന്ന പേരില്‍ കടത്തിയ കേസ്, 2011 ആഗസ്റ്റ് 17 ന് കട്ടപ്പന സ്വദേശിനിയെ കടത്തിയ കേസ് എന്നിവയായിരുന്നു സി.ബി.ഐ അന്വേഷിച്ചിരുന്നത്. ഇതിനിടെ എട്ടോളം യുവതികളെയും സമാന രീതിയില്‍ കടത്തിയതായി വിവരം ലഭിച്ചു.
ദുബൈയിലെ ദേരയില്‍ സുരേഷിന്‍െറ ഉടമസ്ഥതയിലുള്ള അല്‍വാസി എന്ന പേരിലുള്ള സ്റ്റുഡിയോയുടെ മറവിലാണ് യു.എ.ഇയിലെ പലയിടങ്ങളിലായി അനാശാസ്യകേന്ദ്രം നടത്തി യുവതികളെ നിരവധിപേര്‍ക്ക് കാഴ്ചവെച്ചത്.
കുറ്റകൃത്യത്തിന്‍െറ പൂര്‍ണമായ വിവരങ്ങള്‍ അറിയാവുന്ന സുരേഷിന്‍െറ അറസ്റ്റോടെ വിമാനത്താവളങ്ങളില്‍ ഒത്താശ ചെയ്തിരുന്ന നിരവധി എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും വലയിലായേക്കും. തുടരന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി വിചാരണ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സി.ബി.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.