ഫാഷിസ്റ്റ്,വര്‍ഗീയതക്കെതിരായ സെമിനാറിന് സംസ്കൃത വാഴ്സ്റ്റിയുടെ വിലക്ക്

കൊച്ചി: ഫാഷിസത്തിനും വര്‍ഗീയതക്കുമെതിരെ സംസ്കൃത വാഴ്സ്റ്റിയില്‍ റിസര്‍ച് സ്കോളേഴ്സ് അസോസിയേഷന്‍െറ(ആര്‍.എസ്.എ) ആഭിമുഖ്യത്തില്‍ ഗവേഷക വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച സംഘടിപ്പിക്കാന്‍ തീരുമാനിച്ച സെമിനാര്‍ അധികൃതര്‍ തടഞ്ഞു. കാമ്പസില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ സെമിനാര്‍ നടത്തരുതെന്ന് വ്യക്തമാക്കി രജിസ്ട്രാറുടെ ഉത്തരവ് സംഘാടകര്‍ക്ക് ലഭിച്ചു.
എന്നാല്‍, പരിപാടി നടത്താന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ച് ആര്‍.എസ്.എ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച വാഴ്സിറ്റി അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ‘ഇന്ത്യന്‍ ഫാഷിസം: നവ രൂപങ്ങള്‍, പ്രതിരോധങ്ങള്‍’ എന്ന സെമിനാറും വര്‍ഗീയതക്കെതിരെ ഗവേഷക വിദ്യാര്‍ഥി സംഗമവുമാണ് തടഞ്ഞത്. ഉച്ചക്ക് രണ്ടിന് കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യേണ്ട സെമിനാറില്‍ സുനില്‍ പി. ഇളയിടമാണ് മുഖ്യപ്രഭാഷകന്‍. എ.ബി.വി.പി ഒഴിച്ച് മറ്റെല്ലാ വിദ്യാര്‍ഥി സംഘടനകളുടെയും സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചാണ് പരിപാടി.
കഴിഞ്ഞ മാസം 30ന് കാമ്പസില്‍ എസ്.എഫ്.ഐ- എ.ബി.വി.പി സംഘര്‍ഷമുണ്ടായിരുന്നു. രണ്ട് എസ്.എഫ്.ഐക്കാര്‍ക്ക് കുത്തേല്‍ക്കുകയും ആറ് എ.ബി.വി.പിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 ആണ്‍കുട്ടികളുടെ ഹോസ്റ്റലിനുനേരെ പുറത്തുനിന്നത്തെിയ ആര്‍.എസ്.എസുകാരുടെ ആക്രമണ ശ്രമവുമുണ്ടായി. ഇതിന്‍െറ പശ്ചാത്തലത്തില്‍ കാമ്പസില്‍ സംഘര്‍ഷം നിലനില്‍ക്കുന്നെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, സംഘര്‍ഷമുണ്ടായതിന്‍െറ പിറ്റേന്ന് അധികൃതര്‍ സര്‍വകക്ഷി യോഗം വിളിക്കുകയും തൊട്ടടുത്ത ദിവസം മുതല്‍ കാമ്പസില്‍ സമാധാനാന്തരീക്ഷം സംജാതമായെന്നും സംഘാടകരിലൊരാളായ ആര്‍.എസ്.എ കണ്‍വീനര്‍ എസ്. അലീന പറഞ്ഞു.
എന്തുവന്നാലും സെമിനാറും സംഗമവും തങ്ങള്‍ നടത്തും. അതിന്‍െറ പേരില്‍ നടപടികള്‍ ഉണ്ടായാല്‍ നേരിടുകയും ചെയ്യും. പ്രഫ. കല്‍ബുര്‍ഗി ഫാഷിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരുമാസം മുമ്പാണ് പരിപാടി നടത്താന്‍ തീരുമാനിച്ചത്. കുരീപ്പുഴയുടെ തീയതിയനുസരിച്ചാണ് ഇത് ഈ മാസം എട്ടിന് നടത്താന്‍ നിശ്ചയിച്ചത്. അല്ലാതെ എസ്.എഫ്.ഐ- എ.ബി.വി.പി സംഘര്‍ഷ പശ്ചാത്തലത്തിലല്ല -അലീന പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.