മൂന്നാറില്‍ ഐക്യ ട്രേഡ് യൂനിയന്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി

മൂന്നാര്‍: പെമ്പിളൈ ഒരുമൈയുടെ ഉപവാസത്തിന് പിന്നാലെ മൂന്നാറിലെ ഐക്യ ട്രേഡ് യൂനിയന്‍ സമരസമിതിയും അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഇതോടെ, തോട്ടം തൊഴിലാളികളുടെ സമരം കൂടുതല്‍ ശക്തമായി. ശമ്പളം 500 രൂപയായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഐക്യ ട്രേഡ് യൂനിയനുകളും പെമ്പിളൈ ഒരുമൈയും രണ്ടിടത്തായി സമരങ്ങള്‍ നടത്തുന്നത്. പോസ്റ്റ് ഓഫിസ് കവലയില്‍ പെമ്പിളൈ ഒരുമൈയുടെ ഉപവാസം മൂന്നാംദിവസത്തിലേക്ക് കടന്നു. ദേവികുളം പഞ്ചായത്ത് പ്രസിഡന്‍റ് കവിതകുമാര്‍, റോസ്ലിന്‍, മുത്തുകിളി, പനീര്‍ സെല്‍വി, പവന്‍തായ്, കലൈ സെല്‍വി എന്നിവരാണ്  ഐക്യ ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. രാവിലെ പത്തോടെ മൂന്നാറിലത്തെിയ യൂനിയന്‍ പ്രവര്‍ത്തകര്‍ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ പുതിയ പാലത്തിന് സമീപത്ത് വേദി നിര്‍മിച്ച് സമരം ആരംഭിക്കുകയായിരുന്നു. 11 ഓടെ എം.എം. മണിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ സമരപ്പന്തലില്‍ എത്തി.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വെള്ളിയാഴ്ച യൂനിയനുകളുടെ സമരത്തില്‍ സ്ത്രീതൊഴിലാളികളുടെ പങ്കാളിത്തം കൂടുതലായിരുന്നു. കമ്പനിയുടെ വിവിധ എസ്റ്റേറ്റുകളില്‍നിന്ന് പാര്‍ട്ടി കൊടികള്‍ നാട്ടിയ  വാഹനത്തിലാണ് സ്ത്രീതൊഴിലാളികളെ എത്തിച്ചത്. പെമ്പിളൈ ഒരുമൈയുടെ മുന്‍പന്തിയില്‍നിന്നിരുന്ന ജയറാണിയും യൂനിയനോടൊപ്പം ചേര്‍ന്നു. പി.എല്‍.സിയില്‍ യൂനിയന്‍ നടത്തുന്ന ഇടപെടല്‍കൊണ്ടാണ് തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തയാറെടുക്കുന്നതെന്ന് ജയറാണി പറഞ്ഞു. അംഗീകാരമില്ലാത്ത പെമ്പിളൈ ഒരുമൈക്കൊപ്പം നിന്നാല്‍ തൊഴിലാളികള്‍ക്ക് നേട്ടം ലഭിക്കില്ളെന്നും ഇവര്‍ പറയുന്നു. എന്നാല്‍, പെമ്പിളൈ ഒരുമൈയുടെ പ്രവര്‍ത്തകരെ യൂനിയന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണെന്നും എസ്റ്റേറ്റില്‍നിന്ന് സമരത്തിനത്തെുന്നവരെ തടയുകയാണെന്നും ഗോമതിയും ലിസിയും ആരോപിച്ചു.

വ്യാഴാഴ്ച സ്ത്രീതൊഴിലാളികള്‍ രാപകല്‍ സമരം ആരംഭിക്കാന്‍ തയാറെടുത്തെങ്കിലും പൊലീസ് പിന്തിരിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വീണ്ടും സമരത്തിന് തയാറെടുത്തെങ്കിലും പൊലീസ് ഇടപെട്ട് അനുവദിച്ചില്ളെന്നാണ് പരാതി. സമരത്തില്‍ പങ്കെടുക്കാന്‍ എസ്റ്റേറ്റുകളില്‍നിന്ന് എത്തുന്ന പ്രവര്‍ത്തകരെ നേതാക്കള്‍ വഴിയില്‍ തടഞ്ഞിട്ടും പൊലീസ് നടപടിയെടുക്കാത്തത് യൂനിയനുകളെ സംരക്ഷിക്കാനാണെന്നാണ് ആരോപണം.
സമരം തുടങ്ങിയ ദിവസം ആയിരക്കണക്കിന് സ്ത്രീതൊഴിലാളികളാണ് പെമ്പിളൈ ഒരുമൈയുടെ സമരപ്പന്തലില്‍ അണിനിരന്നതെങ്കില്‍ വെള്ളിയാഴ്ച അഞ്ഞൂറില്‍ താഴെയായി കുറഞ്ഞു.

രാവിലെ പതിനൊന്നോടെ എത്തിയിരുന്ന തൊഴിലാളികള്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സമരമുഖത്തത്തെിയത്. 500 രൂപയായി ശമ്പളം ഉയര്‍ത്തണമെന്ന് കമ്പനിയോട് തങ്ങള്‍ ആവശ്യപ്പെടുന്നില്ളെന്നും ഉടമകള്‍ തങ്ങളോട് സംസാരിക്കാന്‍ തയാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സ്ത്രീതൊഴിലാളികളുടെ ശക്തി വര്‍ധിപ്പിക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികളെ സംഘത്തിനൊപ്പം ചേര്‍ക്കാന്‍ രാവിലെ തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റി. ബോണസുമായി ബന്ധപ്പെട്ട് മൂന്നാറില്‍ സമരം ആരംഭിച്ചപ്പോള്‍ കച്ചവടക്കാര്‍ അടക്കമുള്ളവരുടെ പിന്തുണ ലഭിച്ചിരുന്നു.
എന്നാല്‍, വീണ്ടും സമരവുമായി എത്തിയതോടെ ഇവര്‍ തൊഴിലാളികളെ സഹായിക്കുന്നില്ല. ഇത് യൂനിയനുകള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്ന് പറയുന്നു.

 പതിവിന് വിപരീതമായി പെമ്പിളൈ ഒരുമൈക്കൊപ്പം വെള്ളിയാഴ്ച പുരുഷതൊഴിലാളികളും അണിചേര്‍ന്നു. സമരത്തിന് നേതൃത്വം നല്‍കാന്‍ പുരുഷന്മാര്‍ രംഗത്തത്തെിയതോടെ ഇരുഭാഗത്തും വാശിയേറുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.