സര്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും കൂടുതല്‍ ധനസഹായങ്ങള്‍ നല്‍കുന്നു- വെള്ളാപ്പള്ളി

ഇടുക്കി: ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും സര്‍ക്കാര്‍ കൂടുതല്‍ ധനസഹായങ്ങള്‍ നല്‍കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവര്‍ ഇക്കാര്യത്തില്‍ ഒറ്റപ്പെടുകയാണെന്നും വെള്ളാപള്ളി പറഞ്ഞു. സമത്വമുന്നേറ്റ യാത്രക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചവര്‍ക്ക് ധനസഹായം നല്‍കുമ്പോള്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുകയാണ്. കോഴിക്കോട് മാന്‍ഹോളില്‍ ശ്വാസം മുട്ടി മരിച്ച നൗഷാദ് ചെയ്തത് നല്ല പ്രവൃത്തിയാണ്. മുമ്പും കോഴിക്കോട് ഇതു പോലെ ഒരാള്‍ മാന്‍ഹോളില്‍ ശ്വാസം മുട്ടി മരിച്ചിരുന്നു. അവര്‍ക്ക് സര്‍ക്കാര്‍ ഒന്നും നല്‍കിയില്ല. ഇടുക്കി മാങ്കുളത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് സ്ത്രീകള്‍ മരിച്ചിരുന്നു. മൂന്നാറില്‍ ഈയടുത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഇവര്‍ക്ക് യാതൊരു ധനസഹായവും  ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പോഴനാണെന്ന് വെള്ളാപള്ളി ആക്ഷേപിച്ചു. ആരെങ്കിലും എഴുതിക്കൊടുക്കുന്നത് വിളിച്ചുപറയുന്നതാണ് വി.എസിന്‍െറ പ്രവൃത്തി. വി.എസിനെ പ്രായം ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം വിവരക്കേടുകള്‍ വിളിച്ചു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'മൈക്രോ ഫിനാന്‍സ് അഥവാ കടലാസ് കുംഭകോണം' എന്ന 'മാധ്യമ'ത്തിലെ പരമ്പരക്കെതിരെയും വെള്ളാപ്പള്ളി രംഗത്തത്തെി. വാര്‍ത്ത അസംബന്ധമാണെന്നും മൈക്രോ ഫിനാന്‍സില്‍ അഴിമതി ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തന്നെ കരിവാരിത്തേക്കാനുള്ള ശ്രമമാണിതെന്നും വേദിയില്‍ പത്രം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം പ്രതികരിച്ചു. എല്ലാ ജാതിക്കും വേണ്ടി സംസാരിക്കുന്ന തന്നെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കുപ്രചരണം കൊണ്ട് സമത്വ മുന്നേറ്റ യാത്രയെ തകര്‍ക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.