തിരുവനന്തപുരം: ‘സർ, അങ്ങ് കേരള മുഖ്യമന്ത്രിയായാൽ കേരള വികസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്തായിരിക്കും?’ തൈക്കാട് ഗവ. മോഡൽ സ്കൂളിൽ അതുവരെ വിദ്യാർഥികളുടെ ചോദ്യശരങ്ങളെ ഒരു കൂസലുമില്ലാതെ നേരിട്ട സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഇത്തവണ ഒന്ന് പരുങ്ങി. മാധ്യമപ്രവർത്തകരും മറുപടിയറിയാൻ ചെവികൂർപ്പിച്ചതോടെ ഒരു ചെറുപുഞ്ചിരിയോടുകൂടി അദ്ദേഹം ചോദ്യത്തെ നേരിട്ടു.
മുഖ്യമന്ത്രി ആരാവുക എന്നത് സംബന്ധിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് പാർട്ടിയാണ്. ഭൂരിപക്ഷത്തിെൻറ അഭിപ്രായം മാനിച്ചാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതോടെ ചില കോണുകളിൽനിന്ന് കൈയടിയുയർന്നു.
വെള്ളിയാഴ്ച തൈക്കാട് മോഡൽ സ്കൂളിൽ പാർലമെൻററി ക്ലബിെൻറയും സാമൂഹികശാസ്ത്ര ക്ലബിെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനനേതാക്കളുമായുള്ള സംവാദം പരിപാടിയിലാണ് പിണറായി വിജയൻ കുട്ടികൾക്ക് മുന്നിൽ മനസ്സ് തുറന്നത്. അതേസമയം തെൻ മനസ്സിലുള്ള വികസനകാഴ്ചപ്പാടുകൾ യുവതലമുറയോട് പങ്കുവെക്കാനും അദ്ദേഹം മറന്നില്ല.
കേരളത്തിെൻറ പൊതുവികസനത്തിൽ പാർട്ടിയുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയായിരിക്കും അടുത്ത എൽ.ഡി.എഫ് സർക്കാറിെൻറ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിലെ വികസനങ്ങൾ പരിശോധിക്കുമ്പോൾ മാത്രമാണ് കേരളം ഇന്ന് എവിടെ നിൽക്കുന്നെന്ന് മനസ്സിലാകുന്നത്. സംസ്ഥാനത്ത് ആദ്യമായി ടെക്നോപാർക് സ്ഥാപിതമാകുന്നത് കേരളത്തിലാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ടെക്നോപാർക്കിനോട് കിടപിടിക്കുന്ന സ്ഥാപനങ്ങൾ ഉണ്ടാകുമ്പോഴും നമ്മൾ തുടങ്ങിയിടത്തുതന്നെ. ഇത് യുവതലമുറയോടുള്ള വെല്ലുവിളിയാണ്. ഭരണത്തിലെത്തിയാൽ എൽ.ഡി.എഫ് ഗവൺമെൻറ് ഇതിനൊരു പരിഹാരം കാണും. വിദ്യാഭ്യാസ നിലവാരത്തിെൻറ കാര്യത്തിൽ പഴയകാലത്തെ മേനി നടിച്ചാണ് നാം മുന്നോട്ടുപോകുന്നത്. അയൽസംസ്ഥാനങ്ങളിൽ വിദ്യാഭ്യാസരംഗത്തുണ്ടായ പുരോഗതി നാം കാണാതെ പോയി. ഇപ്പോഴും ഇല്ലായ്മകളുടെ പട്ടികയാണ് ഈ രംഗത്തുള്ളത്. പരമ്പരാഗത കാർഷിക കുടിൽ വ്യവസായ മേഖല കാലോചിതമാക്കും.
പുതിയ വ്യവസായശാലകൾ കൊണ്ടുവന്നതുകൊണ്ട് മാത്രം കാര്യമില്ല. ഉള്ളവയെ മെച്ചപ്പെട്ട രീതിയിൽ കൊണ്ടുപോകാനും സാധിക്കണം. ഭരണത്തിലെത്തിയാൽ നാടിന് ഗുണകരമായ പുതിയ വ്യവസായ സംരംഭങ്ങൾ കൊണ്ടുവരും. ടൂറിസം മേഖലയിൽ 10,000ത്തോളം തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് അനുഭവിച്ച കൊടിയ ലോക്കപ് മർദനങ്ങളും രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാകാത്ത മൂഹൂർത്തങ്ങളും പിണറായി കുട്ടികളോട് വിശദീകരിച്ചു. ജാതി–മത ചേരിതിരിവില്ലാത്ത ഒരു ഭാവിയാണ് പുതുതലമുറ സ്വപ്നം കാണേണ്ടത്. അതിനെ തകർക്കുന്ന നീക്കത്തെ ശക്തമായി എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.