ദേശീയപാത വികസനം പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നു

തൃശൂർ: സംസ്ഥാനത്തെ ദേശീയപാത വികസന പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നു. രണ്ടര വർഷത്തിന് ശേഷമാണ് സംസ്ഥാന സർക്കാർ ഇതിനായി കളം ഒരുക്കുന്നത്. ബി.ഒ.ടി ചുങ്കപ്പാതകൾ 45 മീറ്ററിൽ വികസിപ്പിക്കുന്നതിനെതിരായ പ്രതിഷേധം ഭയന്ന് കരുതലോടെയാണ് നീക്കം. പാതയോരവാസികളെ വിവിധ വിഭാഗങ്ങളാക്കി തിരിച്ച് നേരിട്ട് ചർച്ച നടത്താനാണ് ശ്രമം.

ഇതിെൻറ ഭാഗമായി പാതയോരത്തെ ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗം കലക്ടർമാർ വിളിച്ചുചേർത്തു. അതത് കലക്ട്രേറ്റുകളിലായിരുന്നു യോഗം.
അലെയ്ൻമെൻറ് കടന്നുപോകുന്ന മേഖലകളിലെ ആരാധനാലയങ്ങളുടെ സ്ഥലം വിട്ടുകിട്ടുന്നതിന് കൂടുതൽ പണം കലക്ടർമാർ വാഗ്ദാനം ചെയ്തു. എന്നാൽ, മറുപടി അനുകൂലമല്ല. ഇത് വികസനപ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള ആദ്യശ്രമത്തിന് തിരിച്ചടിയായിട്ടുണ്ട്. സ്പെഷൽ ലാൻഡ് അക്വിസിഷൻ ഓഫിസർ മുഖേനയാണ് ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികളെ യോഗത്തിന് ക്ഷണിച്ചത്. അലെയ്ൻമെൻറിലെ പ്രശ്നങ്ങൾക്ക് പരിഹരിച്ചാൽ റോഡ് നവീകരണം സാധ്യമാകുമെന്ന നിലപാടിലാണ് ഇവർ. കലക്ടർമാർക്കൊപ്പം ദേശീയപാത അതോറിറ്റി അധികാരികളും യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞമാസം ചീഫ് സെക്രട്ടറി വിളിച്ച കലക്ടർമാരുടെ യോഗത്തിലാണ് ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗം ചേരാൻ ധാരണയായത്. ഈമാസം 20ഓടെ വികസനപ്രവർത്തനങ്ങൾക്ക് തുടക്കമിടണമെന്നാണ് യോഗത്തിൽ നിർദേശിച്ചത്. ചിലയിടങ്ങളിൽ സ്കൂളുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും അധികൃതരെയും യോഗത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ, എല്ലാ ജില്ലകളിലും യോഗം നടന്നിട്ടില്ല. ചില ജില്ലകളിൽ പഠനം പുരോഗമിക്കുകയാണ്. 2013 മേയിലാണ് ദേശീയപാത വികസനപ്രവർത്തനങ്ങൾ നിർത്തിവെച്ചത്. 2014ൽ 30 മീറ്ററിൽ പാത വികസിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയും രണ്ടാം യു.പി.എ സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു.

തുടർന്ന് വന്ന എൻ.ഡി.എ സർക്കാർ ഇത് അംഗീകരിച്ചില്ല. രാജ്യത്തെ ദേശീയപാതകളെല്ലാം ഒരേ മാതൃകയിലാകണമെന്ന നിബന്ധനയാണ് സർക്കാർ മുന്നോട്ടുവെച്ചത്. ഭൂമി ഏറ്റെടുത്തു നൽകിയാലേ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കൂവെന്ന് ദേശീയപാത അതോറിറ്റി നേരത്തെ തന്നെ അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.