സൈനികൻ സുബിനേഷിന്‍റെ മൃതദേഹം സംസ്കരിച്ചു

കോഴിക്കോട്: ജമ്മു-കശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച മലയാളി ജവാൻ സുബിനേഷിന്‍റെ മൃതദേഹം സംസ്കരിച്ചു. 9.30ക്കാണ് ഒൗദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചത്. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇന്ന് പുലർച്ചെയാണ് റോഡ്മാർഗം വെസ്റ്റ് ഹിൽ സൈനിക ബാരക്കിലെത്തിച്ചത്. കെ.ദാസൻ എം.എൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം.ശോഭന തുടങ്ങിയവർ ബാരക്കിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി.

കോരപ്പുഴയിൽ നിന്നും വിലാപയാത്രയായാണ് മൃതദേഹം ചേലിയ മുത്തുബസാറിലെത്തിച്ചത്. തുടർന്ന് പൊതുദർശനത്തിന് വെച്ച മൃതദേഹം ഒൻപതരയോടെ സംസ്കരിച്ചു.

രജൗറി ജില്ലയിലെ നവോഷേറ മേഖലയില്‍ നിയന്ത്രണരേഖക്കു സമീപം തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊയിലാണ്ടി സ്വദേശി ചേലിയ അടിയള്ളൂര്‍ മീത്തല്‍  കുഞ്ഞിരാമന്‍റെ മകന്‍ സുബിനേഷ് (26) കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കുനേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ സുബിനേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡിസംബര്‍ 20ന് സുബിനേഷിന്‍റെ വിവാഹം നടത്താന്‍ തീരുമാനിച്ചതാണ്. ഇതിന്‍റെ ഒരുക്കം നടക്കുന്നതിനിടെയാണ് മരണം. മൂന്നുമാസം മുമ്പാണ് അവധി കഴിഞ്ഞ് കശ്മീരിലേക്ക് പോയത്. ഡിസംബര്‍ അഞ്ചിന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. മാതാവ്: ശോഭന. സഹോദരി: സുബിഷ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.